ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രപരിസരത്ത് ഇനിമുതല്‍ മൊബൈല്‍ ഫോണിനും വീഡിയോഗ്രഫിക്കും അനുമതിയില്ല. ഇത് വിലക്കിയതായി ക്ഷേത്ര അധികൃതര്‍ അറിയിച്ചു. തീരുമാനം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്.
അടുത്തിടെ ഒരു വനിതാ വ്ളോഗർ ക്ഷേത്രപരിസരത്തു വച്ച് വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ തുടര്‍ന്ന് പരാതികള്‍ ഉയര്‍ന്നതിനാലാണ് മൊബൈല്‍ ഫോണിനും വീഡിയോഗ്രഫിക്കും ക്ഷേത്രപരിസരത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. നടപടിയെ തുടർന്ന് “ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്രപരിസരത്ത് മൊബൈൽ ഫോണുമായി പ്രവേശിക്കരുത്; ക്ഷേത്രത്തിനുള്ളിൽ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും കർശനമായി നിരോധിച്ചിരിക്കുന്നു” എന്നെഴുതിയ ബോർഡുകളും സ്ഥാപിച്ചു. ഉത്തരവ് പാലിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്.
“ഒരുകൂട്ടം വിശ്വാസ സമ്പ്രദായത്തെ പിന്തുടരുന്ന മതപരമായ ഇടമാണിത്. ഭക്തർ അതിനെ ബഹുമാനിക്കണം” – ബദരീനാഥ്-കേദാർനാഥ് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് അജേന്ദ്ര അജയ് പറഞ്ഞു. ‘മാന്യമായ വസ്ത്രങ്ങൾ’ ധരിക്കാനും ക്ഷേത്രപരിസരത്ത് കൂടാരങ്ങളോ, ക്യാമ്പുകളോ സ്ഥാപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബദരീനാഥ് ധാമിൽ നിന്ന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അത്തരം ബോർഡുകൾ അവിടെയും സ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.