രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് പെരുമാറ്റചട്ടം നിലവില്‍വന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തർസംസ്ഥാന അതിർത്തികളിൽ പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന്, ആയുധങ്ങൾ, കറൻസികൾ ഉൾപ്പെടെയുള്ളതിന്റെ അനധികൃത കടത്തൽ തടയാനാണ് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രദ്ധിക്കുന്നത്. മധ്യപ്രദേശിലെ ഝബുവ ജില്ലയുടെ അതിർത്തികൾ ഗുജറാത്ത്, രാജസ്ഥാൻ എന്നിവയോട് ചേർന്നാണ്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഇവിടെ 16 അന്തർ സംസ്ഥാന ചെക്കിംഗ് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഝബുവ എസ്പി അഗം ജെയിൻ പറഞ്ഞു. ഇതിൽ 11 എണ്ണം ഗുജറാത്ത് അതിർത്തിയോടും അഞ്ചെണ്ണം രാജസ്ഥാൻ അതിർത്തിയോടും ചേർന്നുള്ളവയാണ്. ഇതിലൂടെ വരുന്നതും പോകുന്നതുമായ എല്ലാ വാഹനങ്ങളും സൂക്ഷ്മമായി പരിശോധിക്കുകയും വാഹനങ്ങളുടെ നമ്പറുകളും ഡ്രൈവർമാരുടെ മൊബൈൽ നമ്പറുകളും രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.