കുവൈറ്റിൽ ഇന്ത്യയിൽ നിന്നുളള ജനങ്ങളുടെ വൈവിധ്യം കാണുന്നതിൽ സന്തോഷമുണ്ടെന്നു വെളിപ്പെടുത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി കുവൈറ്റിൽ എത്തിയ അവസരത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
പത്തൊൻപതാം നൂറ്റാണ്ടുമുതൽ ഇന്ത്യയും കുവൈറ്റും തമ്മിൽ ശക്തമായ ബന്ധം ഉണ്ടെന്നു പറഞ്ഞ മോദി കുവൈറ്റിലെ വ്യാപാരികൾ ഗുജറാത്തി പഠിക്കുകയും അതിൽ പുസ്തകങ്ങൾ എഴുതുകയും അവരുടെ ലോകപ്രശസ്തമായ മുത്തുകൾ നമ്മുടെ വിപണികളിൽ കച്ചവടം ചെയ്യുകയും ചെയ്തിരുന്നു എന്ന് ചൂണ്ടിക്കാട്ടി. ഒപ്പം കോവിഡ് കാലത്ത് ഇന്ത്യക്ക് മികച്ച പിന്തുണ നൽകിയ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ നന്ദിയും സ്നേഹവും അറിയിക്കുകയും ചെയ്തു.
ഇന്ത്യ സന്ദർശിക്കുവാൻ കുവൈറ്റ് പൗരന്മാരെ ക്ഷണിച്ച മോദി, കുംഭമേളയും റിപബ്ലിക് ദിന പരേഡുമെല്ലാം വ്യത്യസ്ത അനുഭവങ്ങളാകുമെന്ന് പറഞ്ഞു. കൂടാതെ കഴിഞ്ഞ വർഷം ജി 20 യിൽ പ്രഖ്യാപിച്ച ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ലോകത്തിന് പുതിയ മാറ്റം സമ്മാനിക്കുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബായുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ഇന്ന് കുവൈറ്റ് ഭരണാധികാരികളുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തും.