Monday, April 21, 2025

ഗുജറാത്തില്‍ 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ സ്ഥാപിച്ച് മോദി; വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഗുജറാത്തില്‍, 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ അടയാളമാണ് പ്രതിമ സ്ഥാപിക്കലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഹനുമാന്‍ ജയന്തി ദിനമായ ഇന്ന് ഗുജറാത്തിലെ മൊര്‍ബിയിലാണ് 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് പ്രധാനമന്ത്രി ചടങ്ങില്‍ സംബന്ധിച്ചത്. ഹനുമാന്‍ തന്റെ ഭക്തി, സേവനം എന്നിവയിലൂടെ എല്ലാവരെയും കോര്‍ത്തിണക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഹനുമാന്‍ജി 4 ധാം പ്രൊജക്ടിന്റെ ഭാഗമായാണ് പ്രതിമ നിര്‍മ്മിച്ചത്. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നാല് ദിക്കുകളിലായി സ്ഥാപിക്കുന്ന നാല് പ്രതിമകളില്‍ രണ്ടാമത്തേതാണ് മോര്‍ബിയിലേത്. ആദ്യത്തേത് ഷിംലയില്‍ ആയിരുന്നു. പടിഞ്ഞാറ് ഭാഗത്തുള്ള ഈ പ്രതിമ മോര്‍ബി ബാപ്പു കേശവാനന്ദ ആശ്രമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ബാക്കി രണ്ട് പ്രതിമകള്‍ തമിഴ്നാട്ടിലെ രാമേശ്വരത്തും പശ്ചിമ ബംഗാളിലും സ്ഥാപിക്കും.

ഗുജറാത്ത് നിലനിര്‍ത്താന്‍ ബിജെപി രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കുകയാണ്. ഈ വര്‍ഷം അവസാനമോ, അടുത്ത വര്‍ഷം ആദ്യമോ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്.

പ്രതിമ നിര്‍മാണത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ശക്തമാണ്. ഒരുവശത്ത് പ്രതിമകള്‍ ഉയരുമ്പോള്‍ മറുവശത്ത് വിശന്നൊട്ടിയ വയറുകളുമായി നിരവധിപ്പേര്‍ ജീവിക്കുന്നുണ്ടെന്നാണ് സോഷ്യല്‍മീഡിയ മോദിയെ ഓര്‍മിപ്പിക്കുന്നത്.

കോവിഡ് മഹാമാരി വരുത്തിവച്ച സാമ്പത്തിക നഷ്ടത്തില്‍ നിന്നും കരകയറിത്തുടങ്ങിയിട്ടില്ല നമ്മുടെ രാജ്യം. അങ്ങനെയുള്ള അവസ്ഥയിലാണ് മോദിയും ബിജെപി സര്‍ക്കാരും രാജ്യത്ത് കോടികള്‍ ചെലവിട്ട് കൂറ്റന്‍ പ്രതിമകള്‍ ‘ജനങ്ങള്‍ക്കായി’ എന്ന പേരില്‍ സമര്‍പ്പിക്കുന്നതെന്നും പലരും കുറ്റപ്പെടുത്തുന്നു.

 

 

Latest News