നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുടെ ഭാഗമായി രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഗാന്ധിനഗറിലെ വസതിയില്‍ എത്തി, അമ്മ ഹീരാബെന്‍ മോദിയെ കണ്ടു. അഹമ്മദാബാദിലെ വിവിധ പൊതുപരിപാടികള്‍ക്ക് ശേഷം വൈകിട്ടോടെയാണ് അദ്ദേഹം അമ്മയെ സന്ദര്‍ശിച്ചത്.
ഗാന്ധിനഗറിലെ സൊസൈറ്റി പാര്‍ട്ട്-2 വിലെ വൃന്ദാവന്‍ ബംഗ്ലാവില്‍ പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിയുടെ വീട്ടിലാണ് അമ്മ ഹീരാബെന്‍ കഴിയുന്നത്. ഇവിടെയെത്തിയാണ് പ്രധാനമന്ത്രി അമ്മയെ സന്ദര്‍ശിച്ചത്. സുരക്ഷാവലയങ്ങള്‍ ഏറെയില്ലാതെയാണ് മോദി അമ്മയെ കാണാന്‍ വീട്ടിലെത്തിയത്. അമ്മയുടെ ആരോഗ്യവിവരങ്ങളും ക്ഷേമവും തിരക്കിയ പ്രധാനമന്ത്രി ഒരുമിച്ച് ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. ഗുജറാത്തി വിഭവമായിരുന്നു മോദിക്കായി ഒരുക്കിയിരുന്നത്.
ഗുജറാത്ത് വിമാനത്താവളത്തില്‍ നിന്നും വന്‍ സ്വീകരണത്തോടെയാണ് അദ്ദേഹത്തെ ബിജെപി ഓഫീസിലേക്ക് ആനയിച്ചത്. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വലിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരെല്ലാം ഇരട്ടി ആവേശത്തിലായിരുന്നു. ഗുജറാത്ത് വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രി ബിജെപി ഓഫീസിലേക്ക് റോഡ് ഷോ നടത്തുകയുണ്ടായി. പിന്നീട് അഹമ്മദാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് അദ്ദേഹം ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ യോഗവും ചേര്‍ന്നു. ”ജനങ്ങളുടെ വാത്സല്യത്താല്‍ ഞാന്‍ വിനീതനാണ്. ഈ പിന്തുണയും ആവേശവും നമ്മുടെ ജനങ്ങളെ സേവിക്കുന്നതില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു”വെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനം.