മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിയാണ് മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. റഷ്യ യുക്രൈന് സംഘര്‍ഷം തുടങ്ങിയ ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനം എന്ന നിലയില്‍, അക്കാര്യമടക്കം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി മോദി ചര്‍ച്ച നടത്തും. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഇന്ന് നരേന്ദ്ര മോദിക്ക് അത്താഴ വിരുന്ന് നല്‍കും.
നാളെ ഇരു നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി നടക്കും. റഷ്യ- യുക്രയിന് സംഘര്‍ഷമടക്കമുള്ള ലോക കാര്യങ്ങളടക്കം ഉച്ചകോടിയില്‍ ചര്‍ച്ചയാകും. അതിനിടെ റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും. ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലേക്ക് പോകും. നാല് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തുന്നത്. ഓസ്ട്രിയന്‍ പ്രസിഡന്റ്, ചാന്‍സലര്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്ന മോദി വിയന്നയിലും ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.