Monday, March 31, 2025

കാൻസർ ബാധിതയായി; മരണത്തെ മുന്നിൽക്കണ്ട് തന്റെ മൃതസംസ്കാരത്തിനായി പണം സ്വരുക്കൂട്ടിയ എറിക്ക യാത്രയായി

കുഞ്ഞുകുട്ടികളുള്ള ഒരു അമ്മയെ സംബന്ധിച്ചിടത്തോളം തനിക്ക് വരുന്ന ഒരു പനിപോലും എത്രയും പെട്ടെന്ന് മാറണമെന്ന ചിന്തയാണ്. സ്വന്തം ആരോഗ്യത്തെക്കാൾ, താൻ കടന്നുപോയാൽ തന്റെ കുട്ടികളുടെ കാര്യങ്ങൾ ആരു  നോക്കും എന്ന ചിന്തയാണ് പല അമ്മമാരെയും ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ, കാൻസർ രോഗനിർണ്ണയം നടത്തിയശേഷം സ്വന്തം മൃതസംസ്കാരത്തിനായി പണം സ്വരൂപിച്ച ഒരു അമ്മയുണ്ട്. ചികിത്സകളും മറ്റും ഫലപ്രദമല്ലാത്ത അവസ്ഥയിൽ മുന്നിൽ മരണം മാത്രമേയുള്ളൂ എന്ന് വൈദ്യശാസ്ത്രം വിധിച്ചതോടെയാണ് മുപ്പത്തിമൂന്നുകാരിയായ എറിക ഡിയാർട്ടെ-കാർ തന്റെ സംസ്‌കാരച്ചിലവുകൾക്കായി പണം സ്വരൂപിക്കുക എന്ന തീരുമാനത്തിലെത്തിയത്.

രണ്ടു ചെറിയ കുട്ടികളുടെ അമ്മയായിരുന്നു എറിക്ക. ഏറെ പ്രതീക്ഷയോടെ തന്റെ മക്കളെ വളർത്തുന്നത് സ്വപ്നംകണ്ട ഈ യുവതിയുടെ സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുന്നത് 2022-ലാണ്. ആ വർഷം മെയ് മാസത്തിൽ അപൂർവ കാൻസറായ സ്മോൾ സെൽ ലങ് കാർസിനോമ എറിക്കയിൽ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കുമ്പോൾ രോഗം അതിന്റെ നാലാം ഘട്ടത്തിലെത്തിയിരുന്നു; അതായത് അവസാന സ്റ്റേജിൽ.

അസ്ഥികൾ ഉൾപ്പെടെ അവളുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കാൻസർ വ്യാപിച്ചിരുന്നു. രോഗനിർണ്ണയത്തിനുശേഷം 5,000 ഡോളർ എന്ന മിതമായ ലക്ഷ്യത്തോടെ ഡിയാർട്ടെ-കാർ ഒരു ഗോഫണ്ട്മി അക്കൗണ്ട് ആരംഭിച്ചു. ഒക്ടോബർ 14 കൊണ്ട് ഈ ഫണ്ട് 1.17 മില്യൺ ഡോളറിലധികം ഉയർന്നു. ഇതിനിടയിൽ ചികിത്സകളും മറ്റും നടക്കുന്നുണ്ടായിരുന്നു. എന്നാൽ, സെപ്റ്റംബറോടെ ഡോക്ടർമാർ ഇനി മൂന്നുമാസം മാത്രമേ എറിക്ക ജീവിക്കുകയുള്ളൂ എന്ന് വിധിച്ചു. എന്നാൽ, മൂന്നുമാസം കാത്തുനിൽക്കാതെ ഏഴും അഞ്ചും വയസ്സുള്ള തന്റെ മക്കളെ തനിച്ചാക്കി അവൾ മരണത്തെ പുൽകി.

എറിക്കയുടെ മരണം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് ബന്ധുവായ ആഞ്ചലിക് റിവേര ആണ്. “അമ്മ സിൽവിയ, സഹോദരൻ ജെജെ, അമ്മാവന്മാരായ ചാവ, ലൂയി എന്നിവരോടൊപ്പം എറിക്കയും ചേർന്നു. അവർ ദീർഘവും കഠിനവുമായ ഒരു പോരാട്ടം നടത്തി. അവൾ ശക്തയും തന്റെ കുഞ്ഞുങ്ങൾക്കുവേണ്ടി കഴിയുന്നിടത്തോളം പിടിച്ചുനിൽക്കുകയും ചെയ്തു. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും പ്രാർഥനകൾക്കും അവർ വളരെ നന്ദിയുള്ളവളായിരുന്നുവെന്ന് എനിക്കറിയാം” – ആഞ്ചലിക്ക കുറിച്ചു.

 

Latest News