സംസ്ഥാനത്ത് കാലവർഷം ശക്തമാകുകയാണ്. ജൂൺ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ പരമാവധി 40-60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു. കനത്ത മഴ കണക്കിലെടുത്ത് ഇന്ന് 11 ജില്ലകളിലെയും രണ്ടു താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
കാസർകോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കുമാണ് അവധി. കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
തെക്കൻ മഹാരാഷ്ട്രയ്ക്കു മുകളിലായും ബംഗാൾ ഉൾക്കടലിനു മുകളിലായും രണ്ട് ചക്രവാതച്ചുഴികളാണ് സ്ഥിതിചെയ്യുന്നത്. കേരളത്തിനു മുകളിലായി ശക്തമായ പടിഞ്ഞാറൻ കാറ്റുമുണ്ട്. ഇതിന്റെയെല്ലാം ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.