രാജ്യത്ത് ഇത്തവണ മൺസൂൺ മഴ സാധാരണ നിലയിലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധരണഗതിയിലുളള മഴയോ അതിൽ കൂടുതലോ ലഭിക്കാൻ 55 ശതമാനം സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. എൽ നിനോ പ്രതിഭാസത്തിന്റെ പ്രഭാവത്തിൽ പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സാധരണയിൽ നിന്നും കുറവും എന്നാൽ കേരളമുൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയിൽക്കൂടുതലും ഉണ്ടാകും എന്നാണ് അറിയിപ്പ്.
തെക്കുപടിഞ്ഞാറൻ മൺസൂണിലെ ആദ്യ മാസങ്ങളിലെ മഴയുടെ കുറവ് വിളകളെ ബാധിച്ചേക്കും. ഇന്ത്യയിലെ കാർഷിക പ്രവർത്തനങ്ങൾ കൂടുതലായും മഴയെ ആശ്രയിച്ചിരിക്കുന്നതിനാലാണിത്. ജൂൺ ഒന്നിനാണ് രാജ്യത്ത് സാധരണയായി മൺസൂൺ ആരംഭിക്കുന്നത്. അതിൽ കുറച്ച് ദിവസങ്ങളുടെ മാറ്റം ഉണ്ടാകാറുണ്ട്. ഈ വർഷം ജൂൺ നാലോടെ കാലവർഷമെത്തുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം.
ഈ സീസണിൽ പരമാവധി ലഭിക്കുന്ന മഴ ഏകദേശം ലഭിക്കുന്ന മഴയുടെ ശരാശരി 96 ശതമാനമാണെന്ന് ഐഎംഡി എൻവയോൺമെന്റ് മോണിറ്ററിങ് ആൻഡ് റിസർച്ച് സെന്റർ മേധാവി വെളിപ്പെടുത്തി.