ബിസിനസ് വളര്‍ച്ചയുടെ കാര്യത്തില്‍ ചൈന താഴോട്ട് കുതിക്കുന്നതായി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്റെ റിപ്പോര്‍ട്ട്. ഉല്പാദനത്തിന് ചൈനയെ മാത്രം ആശ്രയിച്ചിരുന്ന പാശ്ചാത്യരാജ്യങ്ങളിലെ കമ്പനികള്‍ പലതും ചൈനയെ ഉപേക്ഷിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.
സെപ്റ്റംബറില്‍ മാത്രം ഏകദേശം 7600 കോടി ഡോളറാണ് ചൈനയ്ക്കുള്ളില്‍ നിന്നും പുറത്തേക്കൊഴുകിയത്. ലോകത്തിലെ ഫാക്ടറി ഉല്പാദനത്തിന്റെ 30 ശതമാനം കയ്യടക്കിവെച്ചിരുന്ന ചൈനയ്ക്ക് ഇതില്‍ നിന്നും നല്ലൊരു പങ്ക് കയ്യൊഴിഞ്ഞുപോകേണ്ടത് കാണേണ്ടിവരുന്ന സ്ഥിതിയാണ്.
റിയല്‍ എസ്റ്റേറ്റ് മേഖല തകര്‍ന്നതും ചൈനയിലെ പ്രാദേശിക ഭരണകൂടങ്ങളുടെ ഭാരിച്ച കടവുമാണ് ചൈനയുടേ റേറ്റിംഗ് താഴ്ത്താന്‍ മൂഡീസിനെ പ്രേരിപ്പിച്ചത്.
ഇവിടുന്നങ്ങോട്ട് ചൈനയുടെ സാമ്പത്തിക വളര്‍ച്ച താഴേക്ക് തന്നെയാണെന്ന് കണക്കുകള്‍ സഹിതമാണ് മൂഡീസ് അവരുടെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടേത് ഏഴ് ശതമാനമെങ്കില്‍, ചൈനയുടേത് അഞ്ച് ശതമാനം മാത്രമാണ്. 2024ലും 2025ലും ചൈനയുടെ വളര്‍ച്ച വെറും നാല് ശതമാനമായിരിക്കുമെന്നും മൂഡീസ് പറയുന്നു. 2030ല്‍ ചൈനയുടെ വളര്‍ച്ച വെറും 3.5 ശതമാനം മാത്രമായിരിക്കും.
ചൈനയിലെ പ്രാദേശിക ഭരണകൂടങ്ങളുടെ കടം 12.6 ലക്ഷം കോടി ഡോളറാണ്. പഴയതുപോലെ ഇപ്പോള്‍ ജനസംഖ്യയില്‍ കൂടുതല്‍ പേര് യുവാക്കളല്ല എന്നതും ചൈനയുടെ പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.