‘വ്യവസായ സംരംഭങ്ങള്‍ പച്ചപിടിക്കാന്‍ തൊഴിലാളി സംഘടനകള്‍ കേരളത്തില്‍ അനുവദിക്കില്ല’ എന്ന ഒരു പൊതുഭാഷ്യം മലയാളികള്‍ക്കിടയിലുണ്ട്. വ്യവസായങ്ങള്‍ വരും; നാടു വികസിക്കും എന്ന് രാഷ്ട്രീയ കുപ്പായക്കാരും ഭരണവര്‍ഗ്ഗവും പറയുമ്പോഴും ഒരു വിരോധാഭാസം എന്ന നിലയിലാണ് നമ്മുടെ നാട്ടിലെ കാര്യങ്ങള്‍. തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കേരളത്തിലെ ബിസിനസ് സംരംഭങ്ങള്‍ ഉപേക്ഷിച്ച് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംഭവങ്ങള്‍ അടുത്തിടെയായി കൂടിവരികയാണ്. എന്നാല്‍ വ്യവസായശാലകളെ സംരക്ഷിക്കാന്‍ സര്‍ക്കാരോ, സര്‍ക്കാര്‍ സംവിധാനങ്ങളോ മടിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കോടതി അനുകൂല വിധി ഉണ്ടായിട്ടും ബസ് നിരത്തിലിറക്കാന്‍ തൊഴിലാളി നേതാക്കന്മാരുടെ അനുമതി ലഭിക്കാത്തതിനാല്‍ കയ്യാങ്കളിയില്‍ വരെ എത്തിയ സംഭവമാണ് കോട്ടയത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
സംഭവം ഇങ്ങനെ, അനാവശ്യ കൂലിവർദ്ധന ആവശ്യപ്പെട്ട് സിഐടിയു ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ച് കോട്ടയം തിരുവാർപ്പ് സ്വദേശിയായ ബസുടമ രാജ്മോഹൻ ബസിനു മുന്നിൽ ലോട്ടറി വിറ്റ് പ്രതിഷേധം നടത്തിയതാണ് സംഭവങ്ങള്‍ക്കു തുടക്കം. പിന്നാലെ ബസിനു മുന്‍പില്‍ സിഐടിയു സമരം ആരംഭിച്ചു. എന്നാല്‍ ബസുടമ കോടതിയെ സമീപിക്കുകയും ബസ്, പോലീസ് സംരക്ഷണയില്‍ ഓടിക്കാന്‍ അനുകൂല വിധി കോടതിയില്‍ നിന്നും നേടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് തന്റെ ബസിനോടു ചേർത്ത് സിഐടിയു കെട്ടിയിരുന്ന കൊടിതോരണങ്ങൾ അഴിച്ചുമാറ്റുമ്പോഴാണ് വെട്ടിക്കുളങ്ങര ബസിന്റെ ഉടമയെ സിപിഎം നേതാവ് മര്‍ദിച്ചത്. കൊടിയിൽ തൊട്ടാൽ വീട്ടിൽ കയറി വെട്ടുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. കൺമുന്നിൽ അക്രമം നടന്നിട്ടും, അക്രമിയായ സിപിഎം നേതാവിനെ കുമരകം പൊലീസ്, കസ്റ്റഡിയിൽ എടുത്തില്ലെന്നാണ് ബസുടമയുടെ ആരോപണം.
“ഇതാണോ വ്യവസായ കേരളം? ഇങ്ങനെയാണോ നമ്പർ വൺ കേരളമെന്ന് പറയേണ്ടത്?” കണ്‍മുന്നില്‍ നടന്ന ആക്രമണത്തില്‍ നടപടി സ്വീകരിക്കാന്‍ മടിച്ച പോലീസിനെതിരായുള്ള ബസുടമയുടെ ചോദ്യമാണ്. അധികാര ദുർവിനിയോഗമാണെന്നും അധികാരമുള്ളതുകൊണ്ട് എന്തും ചെയ്യാമെന്ന തോന്നലാണ് സിഐടിയുവിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നീതിനിഷേധം ഉണ്ടായിട്ടുണ്ടെങ്കിൽ തൊഴിലുടമക്കെതിരെ സമരം ചെയ്യാനുള്ള എല്ലാ അവകാശവും സിഐടിയുവിനെ പോലൊരു തൊഴിലാളി സംഘടനക്കുണ്ട്. എന്നാല്‍ വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടെന്ന് ആവർത്തിച്ചു പറയുന്ന ഒരു സംസ്ഥാനത്ത് കോടതിവിധിയെപ്പോലും ധിക്കരിച്ചുകൊണ്ടുള്ള ഏകാധിപത്യ സംഭവങ്ങള്‍ വലിയ വെല്ലുവിളി തന്നെയാണ്. സത്യന്‍ അന്തിക്കാടിന്റെ ‘വരവേല്‍പ്പ്’ എന്ന മലയാള ചലച്ചിത്രത്തിലെ മുരളി എന്ന കഥാപാത്രത്തോട് അദ്ദേഹത്തിന്റെ ജ്യേഷ്ഠനായ നാരായണന്‍ പറയുന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ ഇവിടെ പ്രസക്തമാണ്: ‘മുരളീ, നേതാക്കന്മാരെ വെറുപ്പിച്ചാല്‍ പിന്നെ നിന്റെ ബസ് ഓടില്ല; മന്ത്രിമാര്‍ പോലും പേടിക്കുന്നവരാണ് അവര്‍.’