Monday, November 25, 2024

സുഡാനില്‍ പോഷകക്കുറവ് മൂലം 1,200 ലധികം കുട്ടികള്‍ മരിച്ചതായി ഐക്യരാഷ്ട്ര സഭയുടെ റെഫ്യൂജി ഏജൻസി

സുഡാനിലെ അഭയാർഥി ക്യാമ്പുകളിൽ കുട്ടികൾ മരിച്ചത് പോഷകക്കുറവ് മൂലമെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ റെഫ്യൂജി ഏജൻസിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മെയ് 15 നും സെപ്റ്റംബർ 14 നും ഇടയിൽ അഞ്ച് വയസിന് താഴെയുള്ള 1,200 ലധികം കുട്ടികള്‍ മരിച്ചതായാണ് ഏജന്‍സിയുടെ വെളിപ്പെടുത്തല്‍.

വൈറ്റ് നൈൽ സംസ്ഥാനത്തെ ഒമ്പത് അഭയാർഥി ക്യാമ്പുകളിലായി താമിസിച്ചിരുന്ന കുട്ടികളാണ് പോഷകാഹാര കുറവിനെ തുടര്‍ന്ന് മരിച്ചത്. എത്യോപ്യ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുമുള്ള കുട്ടികളാണ് മരിച്ചവരില്‍ ബഹുഭൂരിഭാഗവും. പോഷകാഹാര കുറവിനെ തുടര്‍ന്ന് ആയിരക്കണക്കിന് നവജാത ശിശുക്കളുടെ ജീവനുകള്‍ അപകടത്തിലാണെന്നും യുഎൻ റെഫ്യൂജി ഏജൻസി അറിയിച്ചിട്ടുണ്ട്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമോയെന്ന ആശങ്കയും റെഫ്യൂജി ഏജൻസിക്കുണ്ട്.

ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ അഞ്ചു മാസമായി ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുകയാണ്. തുടർച്ചയായുണ്ടാകുന്ന ആക്രമണവും ആരോഗ്യപ്രവർത്തകരുടെയും ജീവനക്കാരുടെയും അഭാവവും രാജ്യത്തിൻറെ ആരോഗ്യമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇത്രയധികം കുട്ടികള്‍ മരിക്കാന്‍ കാരണമെന്നാണ് യുഎന്‍ എജന്‍സിയുടെ വിലയിരുത്തല്‍.

Latest News