തിരഞ്ഞെടുപ്പ് പ്രതിഷേധങ്ങൾക്കിടയിൽ മൊസാംബിക്കിലെ ജയിലിൽനിന്ന് 1500 ലധികം തടവുകാർ രക്ഷപെട്ടതായി പൊലീസ് പറയുന്നു. ഗാർഡുകളുമായുള്ള ഏറ്റുമുട്ടലിൽ 33 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും പൊലീസ് മേധാവി ബെർണാഡിനോ റാഫേൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒളിവിൽപ്പോയ 150 പേരെ കൂടി പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1975 മുതൽ അധികാരത്തിലുള്ള ഭരണകക്ഷിയായ ഫ്രെലിമോ പാർട്ടി ഒക്ടോബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതായി മൊസാംബിക്കിലെ പരമോന്നത കോടതി സ്ഥിരീകരിച്ചതിനുശേഷം ഡിസംബർ 23 തിങ്കളാഴ്ച പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. സർക്കാർവിരുദ്ധ പ്രക്ഷോഭകർ ഡിസംബർ 25 ന് തലസ്ഥാനമായ മാപുട്ടോയിലെ ജയിലിനെ സമീപിച്ചതായി പൊലീസ് മേധാവി കൂട്ടിച്ചേർത്തു.
ഒക്‌ടോബറിൽ നടന്ന തിരഞ്ഞെടുപ്പ് മുതൽ മൊസാംബിക്കിൽ അശാന്തി തുടരുകയാണ്. ഭരണകക്ഷിയായ ഫ്രെലിമോയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡാനിയൽ ചാപ്പോ വിജയിച്ചതായി ഔദ്യോഗികഫലങ്ങൾ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിനുശേഷം മൂന്നു മാസത്തിനുള്ളിൽ 150 ഓളം പേരാണ് വിവിധ പ്രതിഷേധപ്രകടനങ്ങളിൽ കൊല്ലപ്പെട്ടത്.