Sunday, April 27, 2025

നൈജീരിയയിൽ നോമ്പുകാലത്തും ഈസ്റ്ററിലും കൊല്ലപ്പെട്ടത് 170 ലധികം ക്രൈസ്തവർ

നൈജീരിയയിലെ മിഡിൽ ബെൽറ്റ് മേഖലയിൽ, നോമ്പുകാലത്തും ഈസ്റ്റർ ഞായറാഴ്ചയുമായി കൊല്ലപ്പെട്ടത് 170 ലധികം ക്രൈസ്തവർ. ഭരണകൂട നിഷ്‌ക്രിയത്വവും ക്രിസ്ത്യൻ കർഷകസമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള മതപരമായ പീഡനവും വർധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ആക്രമണങ്ങൾ നടന്നത്.

ബെനു സംസ്ഥാനത്ത് ഏപ്രിൽ 18 നും 20 നുമിടയിൽ ഫുലാനി തീവ്രവാദികൾ നടത്തിയ വിവിധ ആക്രമണങ്ങളിൽ 72 ക്രൈസ്തവരെങ്കിലും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. വിശുദ്ധ വാരാന്ത്യത്തിൽ ഉകം, ലോഗോ കൗണ്ടികളിലെ ഒന്നിലധികം ഗ്രാമങ്ങളിൽ ആക്രമണങ്ങൾ നടന്നു. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ഗവർണർ ഹയാസിന്ത് ആലിയ, കൂട്ടക്കൊലയെ “നിരപരാധികളായ ക്രിസ്ത്യൻ കർഷകർക്കെതിരായി നടത്തിയ തന്ത്രപരമായ ആക്രമണം” എന്ന് വിശേഷിപ്പിച്ചു.

സുരക്ഷാസേനയും പ്രാദേശിക സന്നദ്ധപ്രവർത്തകരും ചുറ്റുമുള്ള വനങ്ങളിൽ മൃതദേഹങ്ങൾക്കായി തിരച്ചിൽ നടത്തുന്നതിനാൽ മരണസംഖ്യ ഇനിയും വർധിച്ചേക്കാം. ആക്രമണം ഭയന്ന് ആയിരക്കണക്കിന് ആളുകൾ പ്രദേശം വിട്ട് പലായനം ചെയ്തിട്ടുണ്ട്. ഇത് പ്രദേശത്ത് ആന്തരികമായി കുടിയിറക്കപ്പെട്ട ക്രൈസ്തവരുടെ എണ്ണം വർധിക്കുന്നതിലേക്കു നയിച്ചു.

പ്ലാറ്റോ സ്റ്റേറ്റിൽ ഓശാന ഞായറാഴ്ച നടത്തിയ കൂട്ടക്കൊലയെ തുടർന്നാണ് ഈ പുതിയ കൊലപാതകങ്ങൾ. അവിടെ നൂറിലധികം ക്രൈസ്തവർ ക്രൂരമായി കൊല ചെയ്യപ്പെടുകയും മുഴുവൻ സമൂഹങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്തു. ഫുലാനി തീവ്രവാദികൾ ഒരേസമയം നിരവധി ഗ്രാമങ്ങളിൽ ആക്രമണം നടത്തിയതായും ക്രൈസ്തവർ വീടുകൾ വിട്ട് ഓടിപ്പോകാൻ നിർബന്ധിതരായതായും റിപ്പോർട്ടുണ്ട്.

നൈജീരിയയിലെ മിഡിൽ ബെൽറ്റിൽ ഫുലാനി തീവ്രവാദികളും ഇസ്ലാമിക തീവ്രവാദികളും പതിവായി ക്രിസ്ത്യൻ കർഷകരെ ലക്ഷ്യമിടുന്ന മതപരമായ അക്രമത്തിന്റെ അസ്വസ്ഥമായ ഒരു മാതൃകയുടെ ഭാഗമാണ് രണ്ട് കൂട്ടക്കൊലകളും. ആക്രമണങ്ങൾ പലപ്പോഴും ക്രൈസ്തവരുടെ പ്രധാനപ്പെട്ട ദിനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മതന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താനും നാടുകടത്താനുമുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News