സിറിയയിലെ സംഘര്‍ഷത്തിന്റെ ആദ്യ 10 വര്‍ഷങ്ങളില്‍ 300,000-ത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും ഇതേകാലയളവില്‍ സിറിയന്‍ ക്യാമ്പുകളില്‍ 100 ലധികം തടവുകാര്‍ കൊല്ലപ്പെട്ടതായും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്.
സിവിലിയന്‍ നാശനഷ്ടങ്ങളെക്കുറിച്ചുള്ള ലഭ്യമായ ഡാറ്റയുടെ കര്‍ശനമായ വിലയിരുത്തലും സ്ഥിതിവിവരക്കണക്ക് വിശകലനവും ഉള്‍പ്പെടെയുള്ള സിവിലിയന്‍ മരണ റിപ്പോര്‍ട്ടാണ് യുഎന്‍ മനുഷ്യാവകാശ ഓഫീസ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചത്.
മരിച്ചവരുടെ മുഴുവന്‍ പേരും തീയതിയും മരണസ്ഥലവും ഉള്‍പ്പെടെ വിശദമായ വിവരങ്ങളോടെയാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ദമാസ്‌കസ് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് സ്റ്റഡീസ്, സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് റിസര്‍ച്ച്-സിറിയ, സിറിയന്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ലംഘന ഡോക്യുമെന്റേഷന്‍ സെന്റര്‍ എന്നിവയുള്‍പ്പെടെ എട്ട് വിവര സ്രോതസ്സുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് പ്രകാരം, സംഘര്‍ഷം കാരണം 2011 മാര്‍ച്ച് 1 നും 2021 മാര്‍ച്ച് 31 നും ഇടയില്‍ 306,887 സാധാരണക്കാര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ‘ഈ റിപ്പോര്‍ട്ടിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട അപകടങ്ങളുടെ കണക്കുകള്‍ കേവലം ഒരു കൂട്ടം സംഖ്യകളല്ല, മറിച്ച് വ്യക്തിഗത മനുഷ്യരെ പ്രതിനിധീകരിക്കുന്നു’ യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാച്ചലെറ്റ് പറഞ്ഞു.
‘ഈ 306,887 സാധാരണക്കാരില്‍ ഓരോരുത്തരുടെയും കൊലപാതകത്തിന്റെ ആഘാതം അവര്‍ ഉള്‍പ്പെട്ട കുടുംബത്തിലും സമൂഹത്തിലും അഗാധമായ, പ്രതിഫലവും സ്വാധീനവും ചെലുത്തുന്നതായിരുന്നു’. ബാച്ചലെറ്റ് പറഞ്ഞു.
യുഎന്‍ പുറത്തുവിട്ട കണക്കുകളില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനികരും പോരാളികളും ഉള്‍പ്പെടുന്നില്ല. അവരുടെ എണ്ണം പതിനായിരത്തോളമാണെന്നാണ് കരുതുന്നത്. അധികൃതരെ അറിയിക്കാതെ കുടുംബാംഗങ്ങള്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയവരെയും നമ്പറുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഈജിപ്ത്, ടുണീഷ്യ, യെമന്‍, ലിബിയ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നടന്ന അറബ് വസന്ത പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ജനാധിപത്യ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് 2011 മാര്‍ച്ചില്‍ സിറിയയുടെ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ നിന്നാണ് സിറിയന്‍ സംഘര്‍ഷം ആരംഭിച്ചത്. ലക്ഷക്കണക്കിന് ആളുകളെ കൊല്ലുകയും രാജ്യത്തിന്റെ വലിയ ഭാഗങ്ങള്‍ നശിപ്പിക്കുകയും ചെയ്ത സമ്പൂര്‍ണ ആഭ്യന്തരയുദ്ധമായി പ്രതിഷേധങ്ങള്‍ അതിവേഗം പരിണമിച്ചു.
തടങ്കല്‍പ്പാളയത്തിലെ മരണങ്ങള്‍
18 മാസത്തിനുള്ളില്‍ നിരവധി സ്ത്രീകള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ സിറിയന്‍ ക്യാമ്പില്‍ കൊല്ലപ്പെട്ടതായി ചൊവ്വാഴ്ച യുഎന്‍ പറഞ്ഞു.
കുര്‍ദിഷ് നിയന്ത്രണത്തിലുള്ള വടക്കുകിഴക്കന്‍ ഭാഗത്തുള്ള അല്‍-ഹോള്‍ ഒരു താല്‍ക്കാലിക തടങ്കല്‍ കേന്ദ്രമായിരുന്നു. എന്നിരുന്നാലും, 56,000-ത്തോളം ആളുകള്‍ ഇപ്പോഴും അവിടെയുണ്ട്. കൂടുതലും സിറിയക്കാരും ഇറാഖികളുമാണ്. അവരില്‍ ചിലര്‍ ISIL (ISIS) ഗ്രൂപ്പുമായി ബന്ധം പുലര്‍ത്തുന്നു. അല്‍-ഹോള്‍ ക്യാമ്പ് ഒട്ടും സുരക്ഷിതമല്ലെന്ന് സിറിയയിലെ യുഎന്‍ റെസിഡന്റ് കോ-ഓര്‍ഡിനേറ്റര്‍ ഇമ്രാന്‍ റിസ പറഞ്ഞു.