ടെക്സാസിലെ സാന്‍ അന്റോണിയോയില്‍ ട്രാക്ടര്‍ ട്രെയിലറിനുള്ളില്‍ 46 കുടിയേറ്റക്കാരെ മരിച്ച നിലയില്‍ തിങ്കളാഴ്ച അധികൃതര്‍ കണ്ടെത്തിയതായി നഗരത്തിലെ അഗ്‌നിശമന വിഭാഗം പറഞ്ഞു. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ സമീപ മാസങ്ങളില്‍ റെക്കോര്‍ഡ് കുടിയേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ മനുഷ്യക്കടത്തിന്റെ ഏറ്റവും ദയനീയമായ സംഭവങ്ങളിലൊന്നാണ് ഇത്.
ട്രക്കിനുള്ളിലെ ഹീറ്റ് സ്‌ട്രോക്കുകൊണ്ട് തളര്‍ന്നനിലയില്‍ കണ്ടെത്തിയ നാല് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 16 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി സാന്‍ അന്റോണിയോ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കസ്റ്റഡിയിലുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
നഗരത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള ഒരു വിദൂര പ്രദേശത്ത് റെയില്‍വേ ട്രാക്കുകള്‍ക്ക് അടുത്താണ് ട്രക്ക് കണ്ടെത്തിയത്. സംഭവത്തെ ‘ടെക്‌സസിലെ ദുരന്തം’ എന്ന് മെക്‌സിക്കോയുടെ വിദേശകാര്യ മന്ത്രി മാര്‍സെലോ എബ്രാര്‍ഡ് ട്വിറ്ററില്‍ വിശേഷിപ്പിച്ചു. ഇരകളുടെ ദേശീയത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രാദേശിക കോണ്‍സുലേറ്റ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 160 മൈല്‍ (250 കി.മീ) അകലെയുള്ള സാന്‍ അന്റോണിയോയിലെ താപനില തിങ്കളാഴ്ച 103 ഡിഗ്രി ഫാരന്‍ഹീറ്റ് (39.4 ഡിഗ്രി സെല്‍ഷ്യസ്) വരെ ഉയര്‍ന്നിരുന്നു. അതും ദുരന്തത്തിന്റെ ആഘാതം കൂട്ടി.
2017 ജൂലൈയില്‍, വാള്‍മാര്‍ട്ട് പാര്‍ക്കിംഗ് സ്ഥലത്ത് സാന്‍ അന്റോണിയോ പോലീസ് കണ്ടെത്തിയ ട്രാക്ടര്‍-ട്രെയിലറില്‍ കടത്തിക്കൊണ്ടുപോയ പത്ത് കുടിയേറ്റക്കാര്‍ മരിച്ചിരുന്നു. ഡ്രൈവര്‍ ജെയിംസ് മാത്യു ബ്രാഡ്ലി ജൂനിയര്‍ കള്ളക്കടത്ത് ഓപ്പറേഷനിലെ പങ്കിന് അടുത്ത വര്‍ഷം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.