Monday, November 25, 2024

അനധികൃത കുടിയേറ്റം; മെലില്ല അതിര്‍ത്തിയില്‍ 23 പേര്‍ മരിച്ചത് ശ്വാസംമുട്ടിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

മൊറോക്കോയില്‍ നിന്ന് മെലില്ലയിലെ സ്പാനിഷ് എന്‍ക്ലേവിലേക്ക് കടക്കാനുള്ള ശ്രമത്തില്‍ കഴിഞ്ഞ മാസം മരിച്ച 23 കുടിയേറ്റക്കാരെങ്കിലും ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് സംസ്ഥാന പിന്തുണയുള്ള നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ ഓഫ് മൊറോക്കോ (സിഎന്‍ഡിഎച്ച്) പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്റെ ആഫ്രിക്കയുമായുള്ള ഏക അതിര്‍ത്തിയായ സ്‌പെയിനിലെ സിയുട്ട, മെലില്ല എന്‍ക്ലേവുകളിലൂടെ കാലങ്ങളായി നടത്തുന്ന കുടിയേറ്റ ശ്രമങ്ങളില്‍ ഏറ്റവും ദുരന്തപൂര്‍ണമായതായി ജൂണ്‍ 24 ലേത് മാറി. ഈ ദുരന്തത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും സുഡാനില്‍ നിന്നായിരുന്നു. ഏകദേശം 2000 ത്തോളം പേരാണ് ഇവിടെ അതിര്‍ത്തി കടക്കാന്‍ എത്തിയത്. അതില്‍ ഏകദേശം 500 ന് മേല്‍ ആളുകള്‍ വേലി മുറിച്ച് കഷ്ടിച്ച് രക്ഷപെട്ട് അതിര്‍ത്തി കടന്നു. എന്നാല്‍ അനേകര്‍ അപകടത്തില്‍ പെട്ടു.

ഇരകള്‍ മിക്കവാറും ശ്വാസംമുട്ടല്‍ മൂലമാണ് മരിച്ചതെന്നും ഒരു ശക്തിയോ വസ്തുവോ ഒരു വ്യക്തിയുടെ ശ്വസനത്തെ തടയുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതയാണ് മരിച്ചവരുടെ ശരീരത്തില്‍ കാണുന്നതെന്നും സിഎന്‍ഡിഎച്ചിന്റെ അന്വേഷണ ദൗത്യത്തിനിടെ മൃതദേഹങ്ങള്‍ പരിശോധിച്ച ഡോക്ടര്‍ ആദില്‍ എല്‍-സെഹിമി ബുധനാഴ്ച പറഞ്ഞു.

സംഭവത്തില്‍ 23 പേര്‍ മരിച്ചതായി സിഎന്‍ഡിഎച്ച് ചീഫ് ആമിന ബൂയാച്ച് പറഞ്ഞു. ഇത് ഔദ്യോഗിക എണ്ണമായി സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനു പുറമേ, 200 മൊറോക്കന്‍, സ്പാനിഷ് നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും 70 ലധികം സിവിലിയന്മാര്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേറ്റു. മരിച്ചവരില്‍ ആരെയും അടക്കം ചെയ്തിട്ടില്ല. പോസ്റ്റ്മോര്‍ട്ടം ഇനിയും ശേഷിക്കുന്നു. സിഎന്‍ഡിഎച്ച് അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തലുകള്‍ അവതരിപ്പിക്കാന്‍ ചേര്‍ന്ന ഒരു പത്രസമ്മേളനത്തില്‍ അധികാരികള്‍ പറഞ്ഞു.

37 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് സ്പാനിഷ് മനുഷ്യാവകാശ സംഘടനയായ കാമിനാന്‍ഡോ ഫ്രോണ്ടറസ് പറഞ്ഞത്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് (എച്ച്ആര്‍ഡബ്ല്യു) മൊറോക്കോയിലെ അധികാരികള്‍ മരിച്ചവരുടെ കൂട്ട ശവസംസ്‌കാരങ്ങള്‍ തിടുക്കത്തില്‍ സംഘടിപ്പിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവിട്ടിരുന്നു.

 

Latest News