യുക്രെയ്നിലെ ഉപ്പു ഖനന പട്ടണമായ സൊളീദാര്‍ റഷ്യന്‍ സേന പിടിച്ചെടുത്തതായി പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍ റഷ്യയുടെ അവകാശവാദത്തെ യുക്രെയ്ന്‍ തള്ളി. പോരാട്ടം തുടരുകയാണെന്നും യുക്രെയ്ന്‍ സൈന്യം ഇപ്പോഴും സൊളീദാറിലുണ്ടെന്നും കിഴക്കന്‍ യുക്രെയ്ന്‍ സേനാ കമാന്‍ഡ് വക്താവ് സെര്‍ഗെയ് ഷെറെവറ്റ്യി കീവില്‍ അറിയിച്ചു.
മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് സൊളീദാര്‍ ചെറിയ പട്ടണമാണ്. പതിനായിരത്തോളം പേര്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. സൊളീദാര്‍ പിടിച്ചെടുത്താല്‍ ശക്തമായ പോരാട്ടം നടക്കുന്ന ബഖ്മുത്തിലേക്ക് റഷ്യന്‍ സേനയ്ക്ക് കടക്കാനും യുക്രെയ്ന്‍ സേനയെ തടയാനും സാധിക്കും.
ഇത് നഗരം പിടിക്കാനുള്ള റഷ്യയുടെ ശ്രമങ്ങള്‍ ശക്തിപ്പെടുത്തും. റഷ്യന്‍ സേനയുടെ സര്‍വസൈന്യാധിപന്‍ വലേറി ജെറാസിമോവ് രണ്ട് ദിവസം മുന്‍പാണ് യുദ്ധത്തിന്റെ നേരിട്ടുള്ള ചുമതല ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24ന് റഷ്യ സൈനികനടപടി ആരംഭിച്ചത് മുതല്‍ ഇതുവരെ അന്‍പതിനായിരത്തിലേറെ യുദ്ധക്കുറ്റങ്ങളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് യുക്രെയ്നിലെ പ്രോസിക്യൂട്ടര്‍ യൂറി ബെലൂസോവ് അറിയിച്ചു.