Sunday, November 24, 2024

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചവരില്‍ കൂടുതലും പുരുഷന്മാര്‍

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഒരുവര്‍ഷത്തിനിടെ മരിച്ചവരില്‍ കൂടുതലും പുരുഷന്മാരാണെന്ന് പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 60 വയസ്സിനുമുകളില്‍ പ്രായമുള്ള പുരുഷന്മാരിലാണ് മരണനിരക്ക് കൂടുതലെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.

കോവിഡ് രോഗത്തെ തുടര്‍ന്നുള്ള ചികിത്സകള്‍ക്കുശേഷം ആശുപത്രിവിട്ട രോഗികളിൽ ആറു ശതമാനത്തിലേറെപ്പേർ ഒരു വർഷത്തിനകം മരിച്ചതായാണ് കണക്കുകള്‍ പറയുന്നത്. 31 ആശുപത്രികളിലായി 14,431 കോവിഡ് രോഗികളുടെ ഒരു വർഷത്തെ ഫോളോ അപ്പ് രേഖകളുടെ അടിസ്ഥാനത്തിലാണ് ഐ.സി.എം.ആർ പഠനം നടത്തിയത്. പഠനത്തിന്റെ വെളിച്ചത്തില്‍ മരിച്ചവരില്‍ കൂടുതലും പുരുഷന്മാരാണെന്ന് കണ്ടെത്തുകയായിരുന്നു.

60 വയസ്സിനുമുകളില്‍ പ്രായമുള്ള പുരുഷന്മാരിലാണ് മരണനിരക്ക് കൂടുതൽ. ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരിൽ മരണനിരക്ക് കുറവാണെന്നും പഠനത്തിൽ കണ്ടെത്തി. ശരീരത്തിലുണ്ടാകുന്ന നീർവീക്കം, വൈറസ് മൂലം അവയവത്തിലുണ്ടാകുന്ന കേടുപാടുകൾ, ശ്വാസകോശത്തിന്റെ ആന്തരികപാളിയിലുണ്ടാകുന്ന അണുബാധ എന്നിവയാണ് മരണത്തിന് കാരണമെന്നും പഠനം പറയുന്നു. കോവിഡിനുശേഷം ചെറിയ രീതിയില്‍ മാത്രം ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവരെ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

Latest News