ആലംബഹീനരുടെ സേവനത്തിനായി ഒരായുഷ്കാലം മുഴുവന്‍ ഉഴിഞ്ഞുവച്ച അഗതികളുടെ അമ്മയ്ക്ക് ഇന്ന് 113-ാം ജന്മവാർഷികം. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തിനു മുന്നില്‍ പുതിയ വഴിയും വെളിച്ചവുമാകാന്‍ സ്വയം സമര്‍പ്പിക്കപ്പെട്ട വിശുദ്ധ മദര്‍ തെരേസയുടെ ജന്മദിനം. കല്‍ക്കട്ടയിലെ തെരുവുകളില്‍ കഴിഞ്ഞ കുഞ്ഞുങ്ങളെ സ്നേഹത്തോടെ കരുതിയ അഗതികളുടെ അമ്മയുടെ ജീവത വഴികളിലൂടെ ഒരു യാത്ര…
1910 ഓഗസ്റ്റ് 26-ന് അല്‍ബേനിയയിലെ സ്‌കോപ്‌ജെ പട്ടണത്തില്‍ മദര്‍ തെരേസ ജനിച്ചു. ആഗ്‌നസ് ഗോണ് ഹാബൊയാക്‌സു എന്നായിരുന്നു ആദ്യ പേര്. കെട്ടിടനിര്‍മാണ കോണ്ട്രാക്റ്ററായ നിക്കോലോ ബൊജാക്‌സിയുടെയും വെനീസുകാരിയായ ഡ്രാനാഫില് ബെര്‍ണായുടെയും മൂന്ന് മക്കളില്‍ ഇളയവളായിരുന്നു മദര്‍ തെരേസ. ഒരു ചേട്ടനും ചേച്ചിയുമായിരുന്നു തെരേസയുടെ കൂടപ്പിറപ്പുകള്‍. സാമാന്യം ധനികരായിരുന്നു ബോജെക്‌സി കുടുംബം.
അമ്മയുടെ സ്വാധീനം
മക്കളുടെ വിദ്യാഭ്യാസത്തില്‍ ഏറെ ശ്രദ്ധയുള്ളവരായിരുന്നു തെരേസയുടെ മാതാപിതാക്കള്‍. 1917-ല്‍ പിതാവ് മരിച്ചു. പിന്നീട് തുന്നല്‍ ജോലികള്‍ ചെയ്താണ് അമ്മ കുടുംബം പുലര്‍ത്തിയത്. എല്ലാത്തരത്തിലും മാതൃകയായിരുന്ന അമ്മയുടെ ജീവിതം ആഗ്‌നസ്സിനെ ബാല്യത്തില്‍ തന്നെ ഏറെ സ്വാധീനിച്ചു. സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും ആദ്യം പരിശീലിപ്പിച്ചത് അമ്മയായിരുന്നുവെന്ന് മദര്‍ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. തെരേസ ചെറുപ്പം മുതല്‍ മതവിദ്യാഭ്യാസത്തില്‍ താല്‍പര്യം കാണിച്ചപ്പോള്‍ അതു നല്‍കുന്നതിലും സ്‌നേഹ നിധിയായ അമ്മ പ്രത്യേകം ശ്രദ്ധിച്ചു. ഉദാരമതിയും തികഞ്ഞ മതവിശ്വാസിയും ദൈവഭക്തയും ദാനശീലയുമായ അമ്മ തെരേസയ്ക്ക് മാതൃകയായി. തന്നെ ഒരു ജീവകാരുണ്യ പ്രവര്‍ത്തകയായി വളര്‍ത്തിയെടുക്കുന്നതില്‍ അമ്മയുടെ ഉപദേശങ്ങളും ശീലങ്ങളും ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് മദര്‍ തെരേസ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.
മദര്‍ തെരേസ ഇന്ത്യയില്‍
സ്‌കൂള്‍ പഠനകാലത്താണ് മദര്‍ തെരേസ ഇന്ത്യയെക്കുറിച്ചു കേള്‍ക്കുന്നത്. ഏഷ്യയിലെ ഒരു ദരിദ്ര ഉപഭൂഖണ്ഡമാണ് ഇന്ത്യ എന്നാണ് അന്ന് കൊച്ചു തെരേസ ഇന്ത്യയെക്കുറിച്ച് മനസിലാക്കിയിരുന്നത്. ഇന്ത്യയില്‍ ചാരിറ്റി പ്രവര്‍ത്തനത്തിനു പോകാന്‍ ആ കൊച്ചുമിടുക്കിക്ക് വളരെയേറെ സന്തോഷമായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയിലെ മിഷനറി സ്‌കൂളില്‍ അധ്യാപികയായാണ് അവര്‍ ഇന്ത്യയിലെത്തിയത്. 1931 മേയ് 24 ന്, തന്റെ പതിനെട്ടാം വയസില്‍ സഭാവസ്ത്രം സ്വീകരിക്കുകയും മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മരണമടഞ്ഞ തെരേസാ മാര്‍ട്ടിന്‍ എന്ന ഫ്രഞ്ച് സന്യാസ്ത്രീയുടെ നാം സ്വീകരിക്കുകയും ചെയ്തു. കല്‍ക്കട്ടയിലെ ലൊറോറ്റോ സ്‌കൂളില്‍ അധ്യാപികയായി സേവനം ചെയ്യുന്നതിനിടയില്‍ തെരേസ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു തുടങ്ങി.
ബംഗാളി തെരേസ എന്ന വിളിപ്പേര്
മാരി തെരേസ എന്നു പേരുള്ള മറ്റൊരു കന്യാസ്ത്രീയും മദറിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. സമാനമായ ഉച്ചാരണം വന്നതോടെ മദറിനെ തിരിച്ചറിയാനായി മദറിന്റെ ബംഗാളി ഭാഷയിലുള്ള പ്രാവീണ്യം അടയാളമാക്കി ബംഗാളി തെരേസ എന്ന ഓമനപ്പേര് സഹപ്രവര്‍ത്തകര്‍ നല്‍കി.
അഗതികളുടെ അമ്മയായ കഥ
1943 ലെ ഭക്ഷ്യക്ഷാമം 1946 ലെ ഹിന്ദു -മുസ്ലിം കലാപം എന്നിവ തീര്‍ത്ത പട്ടിണി, ആശ്രമത്തിലെ മുന്നൂറോളം അന്തേവാസികളുടെ ജീവിതം ദുരിതമയമാക്കി. അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനായി മദര്‍ തെരേസ തെരുവിലലഞ്ഞു. ഇതിനിടയില്‍ കലാപത്തില്‍ പരുക്കേറ്റവരെ ശുശ്രൂഷിക്കാനും മദര്‍ സമയം കണ്ടെത്തി. 1946 ലാണ് മദറിന്റെ ജീവിതം വഴി തിരിച്ചുവിട്ട തീരുമാനം ഉണ്ടായത്. പാവങ്ങള്‍ക്കൊപ്പം ജീവിക്കാനും അവര്‍ക്ക് തുണയായി മാറാനും ശിഷ്ടകാലം മാറ്റി വയ്ക്കാന്‍ മദര്‍ തെരേസ തീരുമാനിച്ചു.
ഓട വൃത്തിയാക്കുന്നവരുടെ വേഷം സ്വീകരിച്ച മദര്‍
പിന്നീടുള്ള മദര്‍ തെരേസയുടെ ജീവിതം കല്‍ക്കട്ടയിലെ പാവപ്പെട്ടവരുടേയും അനാഥരുടേയും രോഗികളുടേയും ഒപ്പമായിരുന്നു. ലൊറോറ്റോ സന്യാസിനി സഭയിലെ സന്യാസിനിമാരുടെ വേഷം ഉപേക്ഷിച്ച മദര്‍ തെരേസ നീല വരയുള്ള വെള്ള കോട്ടണ്‍ സാരി വേഷമായി സ്വീകരിച്ചു. കല്‍ക്കട്ട നഗരസഭയിലെ ഓട വൃത്തിയാക്കുന്നവരുടെ വേഷമായിരുന്നു അത്. അതായിരുന്നു പിന്നീട് മരണം വരെ മദറിന്റെ വേഷം. ആതുരസേവനം തുടങ്ങുന്നതിനു മുന്നോടിയായി പാറ്റ്നയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പരിശീലനം നേടി. അമ്പതോളം കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ക്കൊപ്പം പാലും ഉച്ചഭക്ഷണവും നല്‍കിയാണ് തെരേസ തന്റെ സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചത്.
മിഷനറീസ് ഓഫ് ചാരിറ്റി
1950 ഒക്ടോബര്‍ ഏഴിന് കൊല്‍ക്കത്ത രൂപതയുടെ കീഴില്‍ മിഷനറീസ് ഓഫ് ചാരിറ്റി എന്ന പേരില്‍ പുതിയ സന്യാസിനി സഭ സ്ഥാപിക്കാന്‍ വത്തിക്കാന്‍ അനുവാദം നല്‍കി. മദര്‍ തെരേസയുടെ നേതൃത്വത്തിലുള്ള സന്യാസിനി സമൂഹം അങ്ങനെ സ്ഥാപിതമായി. 1959 ല്‍ ചാരിറ്റിയുടെ പ്രവര്‍ത്തനം കല്‍ക്കട്ടയുടെ പുറത്തേയ്ക്കും വ്യാപിപ്പിച്ചു. തുടക്കത്തില്‍ പതിമൂന്നോളം അംഗങ്ങള്‍ മാത്രം പ്രവര്‍ത്തകരായി ഉണ്ടായിരുന്ന മിഷണറീസ് ഓഫ് ചാരിറ്റിക്ക് 1990 കളുടെ അവസാനത്തോടെ ഏതാണ്ട് 4,000 സന്യാസിനിമാര്‍ മിഷണറീസ് ഓഫ് ചാരിറ്റിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മരണാസന്നരായവര്‍ക്കുവേണ്ടി ‘നിര്‍മല്‍ ഹൃദയ്’ എന്ന ഭവനവും കുട്ടികള്‍ക്കുവേണ്ടി ശിശുഭവനവും കുഷ്ഠരോഗികള്‍ക്കുവേണ്ടി ശാന്തിഭവനവും ആരംഭിച്ചു.
മദര്‍ തെരേസയ്ക്ക് മാര്‍പാപ്പ സമ്മാനിച്ച കാര്‍
കുഷ്ഠരോഗികളുടെ പരിചരണത്തിനും ചികിത്സയ്ക്കുമായി ശാന്തി ഭവനം സ്ഥാപിക്കാന്‍ ആലോചിച്ച സമയത്ത് പണ സമാഹരണത്തിനായി മദര്‍ ഏറെ ബുദ്ധിമുട്ടി. ഇതിനായി വര്‍ഷത്തില്‍ ഒരു രൂപ വാടക നിശ്ചയിച്ച് ഇന്ത്യന്‍ ഗവണ്‍മെന്റ് 34 ഏക്കര്‍ ഭൂമി വിട്ടു നല്‍കി. പിന്നീട് പോള്‍ നാലാമന്‍ മാര്‍പാപ്പ ഇന്ത്യയിലെത്തിയപ്പോള്‍ മദര്‍ തെരേസയ്ക്ക് ഒരു കാര്‍ സമ്മാനിച്ചു. ആ കാര്‍ ലേലത്തില്‍ വിറ്റാണ് മദര്‍ ശാന്തി ഭവനുവേണ്ടിയുള്ള ബാക്കി പണം കണ്ടെത്തിയത്.
യാസര്‍ അറഫാത്തും മദര്‍ തെരേസയും
പലസ്തീന്‍ ലിബറല്‍ പോരാളിയായ യാസര്‍ അറഫാത്ത് കൊല്‍ക്കത്ത സന്ദര്‍ശനവേളയില്‍ മദര്‍ തെരേസയെ കാണുകയും അവര്‍ക്ക് അമ്പതിനായിരം അമേരിക്കന്‍ ഡോളര്‍ ജീവകാരുണ്യത്തിനായി നല്‍കുകയുമുണ്ടായി. മദറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അറബ് രാജ്യത്തിന്റെ അംഗീകാരം കൂടിയായിരുന്നു അത്.
തുപ്പല്‍ പോലും സന്തോഷത്തോടെ സ്വീകരിച്ച മദര്‍
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പണമില്ലാതെ വന്ന സാഹചര്യങ്ങളില്‍ പലരുടെയും മുമ്പില്‍ കൈ നീട്ടേണ്ടി വന്നിട്ടുണ്ട് മദര്‍ തെരേസയ്ക്ക്. അതിനെക്കുറിച്ചുള്ള ഏറെ പ്രശസ്തമായ ഒരു കഥ ഇങ്ങനെയാണ്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായത്തിനു വേണ്ടി ഒരു ധനികന്റെ വീട്ടില്‍ ചെന്നു. വീടിനു മുന്നില്‍ സാമ്പത്തികസഹായം യാചിച്ചു നില്‍ക്കുന്ന മദര്‍ തെരേസയെ പരിഹസിച്ച അദ്ദേഹം അവരുടെ നേരെ തുപ്പുകയും ചെയ്തു. തുപ്പല്‍ തുവാല കൊണ്ട് തുടച്ച മദര്‍ അതിന് മറുപടിയായി പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘എനിക്കുള്ളത് കിട്ടി. ഇനി എന്റെ മക്കള്‍ക്ക് വല്ലതും തരിക’. ഇതായിരുന്നു മദര്‍ തെരേസ. ‘ദൈവത്തിന്റെ കയ്യില്‍ സ്നേഹവചനം എഴുതുന്ന കുഞ്ഞുപെന്‍സിലാണു ഞാന്‍’. എന്നു മദര്‍ ഇടയ്ക്കിടെ പറഞ്ഞിരുന്നു.
ബംഗാള്‍ മുഖ്യമന്ത്രിയും മദര്‍ തെരേസയും
രണ്ടു പതിറ്റാണ്ടിലേറെ ബംഗാളില്‍ സിപിഎം മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു മദര്‍ തെരേസയുടെ വലിയ ആരാധകനായിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലര്‍ക്കും മദറിന്റെ പ്രവര്‍ത്തനങ്ങളോട് എതിര്‍പ്പുണ്ടായിരുന്നു. മദറിനെ പിന്തുണയ്ക്കുന്നത് ശരിയാണോ എന്ന് ബസുവിനോട് പ്രവര്‍ത്തകരിലൊരാള്‍ ചോദിച്ചു. ബസുവിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘മദറും ഞാനും പാവങ്ങളുടെ കാര്യത്തില്‍ പങ്കുവയ്ക്കുന്നത് ഒരേസ്നേഹമാണ്. എന്നോട് ഈ ചോദ്യമുന്നയിച്ച താങ്കള്‍ കുഷ്ഠരോഗികളുടെ മുറിവു തുടയ്ക്കാന്‍ എന്നു സന്നദ്ധനാകുന്നുവോ അന്നു ഞാന്‍ മദര്‍ തെരേസയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാം’.
പുരസ്‌കാരങ്ങളിലും റെക്കോര്‍ഡ്
പദ്മശ്രീ (1962), സമാധാനത്തിനുള്ള നോബെല്‍ (1979), ഭാരതരത്നം (1972) തുടങ്ങി നൂറോളം പുരസ്‌കാരങ്ങള്‍ മദറിനെ തേടിയെത്തി. നോബെല്‍ സമ്മാനമായി ലഭിച്ച തുക മുഴുവനും ഇന്ത്യയിലെ അശരണര്‍ക്കായാണ് മദര്‍ ചിലവഴിച്ചത്. 2010 ല്‍ മദര്‍ തെരേസയുടെ ചിത്രം ആലേഖനം ചെയ്ത 5 രൂപ നാണയം ഗവണ്‍മെന്റ് പുറത്തിറക്കി. ഇന്ത്യന്‍ തപാല്‍സ്റ്റാമ്പിലും മദര്‍ ഇടം നേടിയിട്ടുണ്ട്. ലോകത്ത് ജീവിച്ചിരിക്കുന്ന വനിതകളിലും മരിച്ചുപോയ വനിതകളിലും ഏറ്റവും കൂടുതല്‍ അവാര്‍ഡുകളും ബഹുമതികളും നേടിയത് മദര്‍ തെരേസയാണ്. അവരുടെ മരണശേഷം പല രാജ്യങ്ങളും മദറിന്റെ സ്മാരകങ്ങള്‍ സ്ഥാപിച്ചു. ജന്മനാടായ അല്‍ബേനിയയിലെ വിമാനത്താവളത്തിന് മദര്‍ തെരേസയുടെ പേരും നല്‍കുകയുണ്ടായി.
മരണവും വിശുദ്ധപദവിയും
1997 സെപ്റ്റംബര്‍ അഞ്ചിനാണ് മദര്‍ തെരേസ ഇഹലോകവാസം വെടിഞ്ഞത്. 2003 ഒക്ടോബര്‍ 19 ന് കൊല്‍ക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2016 സെപ്റ്റംബര്‍ 4 ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധപദവിയിലേയ്ക്കും ഉയര്‍ത്തി.
മദറിനെക്കുറിച്ചുള്ള അമൂല്യകൃതി
മദര്‍ തെരേസയുടെ ജീവിതം വിവരിക്കുന്ന ഗ്രന്ഥമാണ് ‘മദര്‍ തെരേസ’. മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായ നവീന്‍ ചൗള രചിച്ചതാണ് ഈ പുസ്തകം.
മദറിനെക്കുറിച്ച് കൂടുതലറിയാന്‍ സഹായിക്കുന്ന ഈ അമൂല്യകൃതി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരുന്നു. മദറിന്റെ ജീവിതത്തില്‍ നടന്ന പ്രധാന സംഭവവികാസങ്ങളെല്ലാം നവീന്‍ ചൗള ‘മദര്‍ തെരേസ’ എന്ന പുസ്തകത്തിലൂടെ വിവരിക്കുന്നു. മദറിന്റെ അനുഗ്രഹാശിസ്സുകളോടെ തയ്യാറാക്കിയ കൃതി എന്ന നിലയില്‍ ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ട പുസ്തകം ഇന്ത്യയിലും വിദേശത്തുമുള്ള പതിനാലോളം ഭാഷകളില്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ടു.