ഫണ്ടിങ് ബില്‍ പാസ്സാക്കുന്നതിലെ ഭിന്നതയെ തുടര്‍ന്ന് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയെ യു.എസ് ജനപ്രതിനിധിസഭ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി. യു.എസ് പാര്‍ലമെന്‍റിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സ്പീക്കറെ ജനപ്രതിനിധിസഭ വോട്ടെടുപ്പിലൂടെ പുറത്താക്കുന്നത്. അമേരിക്കന്‍ ജനപ്രതിനിധിസഭയുടെ 55 -ാം സ്പീക്കറായിരുന്നു കെവിന്‍ മക്കാര്‍ത്തി.
സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയത്തെ 216 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 210 പേര്‍ എതിര്‍ത്തു. എട്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍കൂടി പ്രമേയത്തെ പിന്തുണച്ചതോടെയാണ് മെക്കാര്‍ത്തിക്ക് സ്ഥാനനഷ്ടം സംഭവിച്ചത്. ഇനി സ്പീക്കര്‍സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെവിന്‍ മക്കാര്‍ത്തി വ്യക്തമാക്കി. മക്കാര്‍ത്തിയെ പുറത്താക്കാനുള്ള നോട്ടീസ് നല്‍കിയത് മാറ്റ് ഗെയ്റ്റ്സാണ്.
ഈ വര്‍ഷം ജനുവരിയിലാണ് അമേരിക്കന്‍ ജനപ്രതിനിധിസഭയുടെ സ്പീക്കർ ആയി കെവിന്‍ മക്കാര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടത്. നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു ഇത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 20 വിമത അംഗങ്ങള്‍ മക്കാര്‍ത്തിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെയാണ് തിരഞ്ഞെടുപ്പ് നാടകീയമായി മാറിയത്. 14 വിമതര്‍ പിന്നീട് നിലപാട് മയപ്പെടുത്തിയതോടെ മക്കാര്‍ത്തി, സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്ന് വിമതനീക്കത്തിന് ചുക്കാന്‍പിടിച്ച മാറ്റ് ഗേറ്റ്‌സ്, മക്കാര്‍ത്തിക്ക് വോട്ട് ചെയ്യാന്‍ വിമത അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.