Monday, November 25, 2024

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിനോദയാത്ര: പുതുക്കിയ മാർഗനിർദേശങ്ങളുമായി മോട്ടോർവാഹനവകുപ്പ്

സംസ്ഥാനത്തെ സ്കൂൾ-കോളേജ് വിനോദയാത്രകൾക്ക് ഉപയോഗിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ പരിശോധന സംബന്ധിച്ച് മാർഗനിർദേശങ്ങളിൽ മോട്ടോർ വാഹന വകുപ്പ് മാറ്റങ്ങൾ വരുത്തി. യാത്രയ്ക്ക് മുൻപ് സ്ഥാപന മേധാവികൾ വാഹനത്തിന്റെ വിശദാംശങ്ങൾ അറിയിക്കുകയും സ്‌കൂൾ പരിധിയിൽ വരുന്ന മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ വാഹനം ഹാജരാക്കുകയും ചെയ്യണമെന്നായിരുന്നു നിർദേശം. എന്നാലിത് വാഹന ഉടമകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നാണ് പരിഷ്‌കരിച്ച നിർദേശങ്ങൾ മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയത്.

പുതുക്കിയ നിർദേശപ്രകാരം യാത്ര ആരംഭിക്കുന്ന തീയതിക്ക് ഏഴ് ദിവസത്തിന് മുൻപ് സംസ്ഥാനത്തെ ഏതെങ്കിലും റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർക്കോ ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർക്കോ മുൻപാകെ വാഹനങ്ങളുടെ വിശദാംശങ്ങൾ അറിയിക്കുകയും വാഹനം പരിശോധനയ്ക്ക് ഹാജരാക്കുകയും ചെയ്യണം.

വാഹന പരിശോധന സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കി ഒരു പകർപ്പ് ഡ്രൈവറിനോ ഉടമയ്‌ക്കോ നൽകുകയും ഓരോ പകർപ്പുകൾ ഓഫീസ് മേധാവിയും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും കൈവശം വെയ്ക്കണം. വാഹന പരിശോധനയുടെ പേരിൽ ഉടമയേയോ ഡ്രൈവറെയോ ബുദ്ധിമുട്ടിക്കരുതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്നാണ് ടൂറിസ്റ്റ് ബസുകളിൽ മോട്ടോർവാഹന വകുപ്പ് പരിശോധന കർശനമാക്കിയത്.

Latest News