രാത്രിയില്‍ വാഹനങ്ങളില്‍ അമിത പ്രകാശമുളള ലൈറ്റുകളുടെ ഉപയോഗം തടയാന്‍ പ്രത്യേക പരിശോധനയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ്. ഓപ്പറേഷന്‍ ഫോക്കസ് എന്ന പേരിലാണ് രാത്രികാല സ്‌പെഷ്യല്‍ ഡ്രൈവ്. ഹെഡ് ലൈറ്റുകളില്‍ തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബ്, ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവ പരിശോധിക്കും.
റോഡുകളിലെ രാത്രികാല വാഹന അപകടങ്ങളുടെ ഒരു പ്രധാന കാരണം വാഹനങ്ങളിലെ ലൈറ്റുകളുടെ നിയമവിരുദ്ധമായ ഉപയോഗമാണ്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ഹെഡ് ലൈറ്റ് ഡിംഗ് ചെയ്ത് കൊടുക്കാതിരിക്കുക, ഹെഡ് ലൈറ്റുകളില്‍ തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബള്‍ബുകള്‍ സ്ഥാപിക്കുക, വാഹനങ്ങളില്‍ അനാവശ്യമായ വിവിധ വര്‍ണ്ണങ്ങളിലുള്ള തീവ്രപ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിക്കുക, ലേസര്‍ വാഹനത്തിന് പുറത്തേക്കും മറ്റു വാഹനങ്ങളിലേക്കും പ്രകാശിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പവും, കാഴ്ചയ്ക്ക് മങ്ങലുണ്ടാക്കുകയും, അപകടകാരണമാകുകയും ചെയ്യുന്നു. ഇതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം.
കൂടാതെ അടുത്തകാലത്തായി വിനോദയാത്ര പോകുന്ന വാഹനങ്ങളിലും മറ്റും കാണുന്ന അലങ്കാര ലൈറ്റുകളും, ചില വാഹനങ്ങളിലെ പ്രവര്‍ത്തനക്ഷമമല്ലാത്ത ഹെഡ്‌ലൈറ്റുകള്‍, ബ്രേക്ക്, ഇന്‍ഡിക്കേറ്റര്‍, പാര്‍ക്ക് സൈറ്റുകള്‍ എന്നിവയും റോഡ് സുരക്ഷയ്ക്ക് കനത്ത ഭീഷണിയാണ്. ഈ സാഹചര്യത്തിലാണ് നിരത്തുകളിലെ ഇത്തരം നിയമലംഘനങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ടുകൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് ഒരു സ്‌പെഷ്യല്‍ ഡ്രൈവ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.