മഞ്ഞുകാലം ആഗതമാകുന്നതിനു മുൻപുതന്നെ കനത്ത മഞ്ഞുപാളികളാൽ മൂടപ്പെടുന്ന ജപ്പാനിലെ ഉയർന്ന പർവതമാണ് ഫുജി. ഒക്ടോബർ മാസത്തിന്റെ ആദ്യസമയങ്ങളിൽത്തന്നെ മഞ്ഞ് നിറയുന്ന ഈ പർവതം ഇപ്പോഴും ശൂന്യമായി, ഒട്ടുംതന്നെ മഞ്ഞില്ലാത്ത അവസ്ഥയിൽ തുടരുകയാണ്. ഇത് രൂക്ഷമായിവരുന്ന കാലാവസ്ഥാമാറ്റത്തിന്റെ സൂചനയാണെന്നാണ് കാലാവസ്ഥാനിരീക്ഷകർ വെളിപ്പെടുത്തുന്നത്.
130 വർഷം മുമ്പ് മഞ്ഞുവീഴ്ച തിരിച്ചറിയാനും രേഖപ്പെടുത്താനും തുടങ്ങിയ കാലം മുതൽ പർവതത്തിൽ മഞ്ഞില്ലാതെ തുടരുന്ന ഏറ്റവും ദൈർഘ്യമേറിയ സമയമാണ് ഇതെന്ന് ജപ്പാനിലെ കാലാവസ്ഥാനിരീക്ഷകർ വെളിപ്പെടുത്തുന്നു. എന്നാൽ, അസാധാരണമായ ചൂടുള്ള കാലാവസ്ഥ മൂലമാണ് മഞ്ഞുവീഴ്ച്ച ഇതുവരെ അനുഭവപ്പെടാത്തതെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ജപ്പാനിൽ ജൂണിനും ആഗസ്റ്റിനും ഇടയിലുള്ള താപനില ശരാശരിയെക്കാൾ 1.76 C (3.1 F) കൂടുതലായിരുന്നു ഈ വർഷം രേഖപ്പെടുത്തിയത്. ജപ്പാനിലെ മെറ്റീരിയോളജിക്കൽ സൊസൈറ്റി കഴിഞ്ഞ മാസം ഏറ്റവും ചൂടേറിയ ദിവസങ്ങളായി തരംതിരിച്ച 1500 ഓളം ദിവസങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് (95 ഡിഗ്രി ഫാരൻഹീറ്റ്) വരെ എത്തുകയോ, അതിൽ കവിയുകയോ ചെയ്തു.
എങ്കിൽത്തന്നെയും പർവതം മഞ്ഞുവീഴ്ചയില്ലാതെ നവംബർ മാസം വരെ തുടരുന്നത് 1894 നുശേഷം ആദ്യമായാണ്. ടോക്കിയോയുടെ തെക്കു-പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന ഫുജി പർവതം 3,776 മീറ്റർ ഉയരമുള്ള ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ്. (12,460 ft). 300 വർഷങ്ങൾക്കുമുമ്പ് അവസാനമായി പൊട്ടിത്തെറിച്ച അഗ്നിപർവതം, തെളിഞ്ഞ കാലാവസ്ഥയിൽ ജാപ്പനീസ് തലസ്ഥാനത്തുനിന്ന് കാണാൻ സാധിക്കും.