എവറസ്റ്റിന് ശേഷം ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കൊടുമുടിയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയുമാണ് മൗണ്ട് കെ2. 8,611 മീറ്ററാണ് ഉയരം. ഹിമാലയ പര്‍വ്വതനിരയുടെ ഭാഗമായി കണക്കാക്കുന്ന കാറക്കോറത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഔദ്യോഗമായി ഈ കൊടുമുടി ഇന്ത്യയിലും അനധികൃതമായി പാക്-അധീന കാശ്മീരിലുമാണ്.
1856 ലാണ് ഒരു യൂറോപ്യന്‍ സര്‍വേ സംഘം ആദ്യമായി മൗണ്ട് കെ2 സര്‍വേ ചെയ്്തത്. ഈ സംഘത്തിലെ അംഗമായിരുന്ന തോമസ് മോണ്ട്ഗോമെറി ആണ് ഇതിന് കെ2 എന്ന പേര് നല്‍കിയത്. കാറക്കോറം നിരയിലെ രണ്ടാമത്തെ കൊടുമുടി എന്ന് സൂചിപ്പിക്കുവാനായിരുന്നു അങ്ങനെ ചെയ്തത്. ഇവിടെ ആദ്യം സര്‍വേ നടത്തിയ കേണല്‍ എച്ച്.എച്ച്. ഗോഡ്വിന്‍ ഓസ്റ്റിനോടുള്ള ആദരസൂചകമായി മൗണ്ട് ഗോഡ്വിന്‍ ഓസ്റ്റിന്‍ എന്നും ഈ കൊടുമുടി വിളിക്കപ്പെടുന്നു. റോയല്‍ ജിയോഗ്രാഫിക്കല്‍ സൊസൈറ്റി ഈ പേര് നിരസിച്ചെങ്കിലും, പല ഭൂപടങ്ങളിലും സ്ഥലങ്ങളിലും ഇത് ഉപയോഗിക്കുന്നുണ്ട്. ക്വോഗിര്‍, ചെഗോറി, ലാംബാ പഹാര്‍, ദാപ്സാങ് എന്നീ പേരുകളും മൗണ്ട് കെ2വിനുണ്ട്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതങ്ങളില്‍ രണ്ടാമതാണെങ്കിലും, എവറസ്റ്റിനെക്കാള്‍ കുപ്രസിദ്ധമായതിനാല്‍, കയറാന്‍ ലോകത്തിലെ ഏറ്റവും കഠിനമായ പര്‍വതങ്ങളില്‍ ഒന്നായി ഈ പര്‍വ്വതം കണക്കാക്കപ്പെടുന്നു. കെ2 വിന്റെ മരണനിരക്ക് 25 ശതമാനവും എവറസ്റ്റ് കൊടുമുടിയുടേത് 4 ശതമാനവുമാണ്. എണ്ണായിരം മീറ്ററിനുമുകളില്‍ ഉയരമുള്ള കൊടുമുടികളില്‍ അന്നപൂര്‍ണ്ണയ്ക്ക് ശേഷം മരണനിരക്ക് കൂടുതലുള്ള പര്‍വ്വതമാണ് ഇത്. ഇതിലേക്കുള്ള ആരോഹണം കഠിനവും കയറുന്നതില്‍ നാലിലൊരാള്‍ മരണപ്പെടുന്നുമുണ്ട്. അതിനാല്‍, ഈ കൊടുമുടിക്ക് കൊലയാളി പര്‍വ്വതം എന്ന് മറ്റൊരു പേരുകൂടിയുണ്ട്.
ആര്‍ഡിറ്റോ ഡെസിയോയുടെ നേതൃത്വത്തിലുള്ള ഒരു ഇറ്റാലിയന്‍ പര്യവേഷണ സംഘമാണ് 1954-ല്‍ ആദ്യത്തെ കയറ്റം നടത്തിയത്. ആദ്യം കൊടുമുടി കയറിയത് ലിനോ ലാസെറ്റെല്ലിയും അച്ചില്‍ കമ്പാനിയോണിയും ആയിരുന്നു. ഓക്സിജന്‍ ഇല്ലാതെ കെ 2 കീഴടക്കിയ ആദ്യത്തെ മലകയറ്റക്കാരന്‍ മെസ്നര്‍ റീന്‍ഗോള്‍ഡ് ആയിരുന്നു. കെ 2 കയറിയ ആദ്യ വനിത വാന്‍ഡ റട്കീവിച്ച് (1986) ആണ്. പ്രായപരിധി മറികടന്ന്, 65-ാം വയസ്സില്‍, കാര്‍ലോസ് സോറിയ ഫോണ്ടന്‍ എന്ന സ്പാനിഷ് പര്‍വതാരോഹകന്‍ 2004-ല്‍ കെ2 കയറുകയും ഈ കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു. ഇതുവരെ 377 പേര്‍ മാത്രമേ ഈ കൊടുമുടി കീഴടക്കിയിട്ടുള്ളു. എഴുപതിലധികം ആളുകള്‍ കയറ്റത്തിനിടെ മരിക്കുകയും ചെയ്തിട്ടുണ്ട്.
കൗതുകകരമെന്നു പറയട്ടെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 17 പര്‍വതങ്ങളില്‍ അഞ്ചെണ്ണവും കെ2 വിനെ ചുറ്റിയാണ് സ്ഥിതി ചെയ്യുന്നത്. കെ2 വിലേയ്ക്കുള്ള കയറ്റം പാകിസ്ഥാന്‍ മേഖലയില്‍ നിന്നാണ് ആരംഭിക്കുന്നത്. അതാണ് കൂടുതല്‍ എളുപ്പവും. 16896 അടി ഉയരത്തിലാണ് ഇതിന്റെ ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. വടക്ക് ദിശയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍, കഠിനമായ ശൈത്യകാലത്തെ ഇത് അഭിമുഖീകരിക്കേണ്ടി വരുന്നു. ഇന്നുവരെ, ശൈത്യകാലത്ത് ആരും കെ2 കയറിയിട്ടില്ല. 2019-ല്‍ ചില പര്യവേഷണങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് മൗണ്ട് കെ2 കയറാന്‍ ഏറ്റവും അനുയോജ്യമായ കാലാവസ്ഥ.
കെ2 വിലെ ഏറ്റവും ദുരന്തമായി മാറിയ ക്ലൈംബിംഗ് സീസണ്‍ 1986 ല്‍ ആയിരുന്നു. രണ്ടാഴ്ചയ്ക്കിടെ വ്യത്യസ്ത സംഭവങ്ങളിലായി ആകെ 13 പര്‍വതാരോഹകര്‍ മരിച്ചു. ‘1986 കെ2 ഡിസാസ്റ്റര്‍’ എന്നാണ് പ്രസ്തുത ദുരന്തം അറിയപ്പെടുന്നത്. 1953-ല്‍, കെ2 കയറാനുള്ള ഒരു അമേരിക്കന്‍ സംഘത്തിന്റെ ശ്രമത്തിനിടെ അവര്‍ അപകടത്തിലാവുകയും ഭാഗ്യവശാല്‍ കയറുകളും ഐസ് കോടാലിയും ഉപയോഗിച്ച് നിരവധി പര്‍വതാരോഹകരെ മരണത്തില്‍ നിന്ന് രക്ഷിക്കുകയുമുണ്ടായി. അന്നത്തെ ആ ഐസ് കോടാലി കൊളറാഡോ മ്യൂസിയത്തില്‍ ഇന്നും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.