Monday, November 25, 2024

ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസ് മുഖ്യ ഉപദേഷ്ടാവായി സത്യപ്രതിജ്ഞ ചെയ്തു

നൊബേല്‍ സമ്മാനജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ബംഗ്ലദേശില്‍ അധികാരമേറ്റു. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലികൊടുത്തു. ഇടക്കാല സര്‍ക്കാരില്‍ രാഷ്ട്രീയക്കാരുടെ പ്രതിനിധികളില്ലെന്നത് ശ്രദ്ധേയമാണ്.

സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകരും വിദ്യാര്‍ഥി, സൈനിക പ്രതിനിധികളുമാണുള്ളത്. വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിവേചനവിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് നഹിദ് ഇസ്ലാമും ആസിഫ് മുഹമ്മദും ഇടക്കാല സര്‍ക്കാരില്‍ ഇടം നേടിയിട്ടുണ്ട്.

16 അംഗങ്ങളാണ് ഉപദേശക സമിതിയിലുള്ളത്. യൂനുസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ബംഗ്ലദേശ് വളരെപ്പെട്ടെന്ന് സാധാരണനിലയിലെത്തുമെന്നും ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്നും പ്രതീക്ഷിക്കുന്നതായി മോദി എക്‌സില്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന രാജിവച്ചതിനെ തുടര്‍ന്നാണ് ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. 17 വര്‍ഷത്തിനുശേഷമാണ് ബംഗ്ലദേശില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.

 

Latest News