റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാമത്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ പിന്തള്ളിയാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സ് പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 99.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നപ്പോള്‍ ഗൗതം അദാനിയുടെ ആസ്തി 98.7 ബില്യണ്‍ ഡോളറാണ്. ഫോര്‍ബ്‌സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വലിയ 10 സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ആറാം സ്ഥാനത്താണ്. ഗൗതം അദാനി പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തും.
റിലയന്‍സിന്റെ (ആര്‍ഐഎല്‍) ഓഹരികള്‍ കുതിച്ചുയര്‍ന്നതാണ് മുകേഷ് അംബാനിയുടെ ആസ്തിയില്‍ വര്‍ധനവുണ്ടാക്കിയത്. ഈ വര്‍ഷം ഇതുവരെ ആര്‍ഐഎല്‍ ഓഹരികളുടെ വില 16 ശതമാനത്തിലധികം ഉയര്‍ന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഓഹരികള്‍ 6.79 ശതമാനം ഉയര്‍ന്നു. പെട്രോകെമിക്കല്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ടെലികോം എന്നെ മേഖലകളില്‍ നിന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മികച്ച വരുമാനമാണ് നേടുന്നത്.