ഇന്ത്യയുടെ 16ാമത് അറ്റോര്‍ണി ജനറലായി മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയെ നിയമിക്കും. അറ്റോര്‍ണി ജനറലായി തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കെ കെ വേണുഗോപാല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. സെപ്തംബര്‍ 30ന് ശേഷം പദവിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നാണ് കെ.കെ. വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്.
ഒക്ടോബര്‍ 1-ന് റോത്തഗി ചുമതലയേല്‍ക്കും. ഇതിന് മുമ്പ് 2014- 2017 റോത്തഗി എ-ജിയായി ചുമതലയേറ്റിരുന്നു. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് 2017-ലാണ് റോത്തഗിയുടെ പിന്‍ഗാമിയായി കെ. കെ. വേണുഗോപാല്‍ ചുമതലയേറ്റത്. മൂന്നാം തവണയാണ് കെ കെ വേണുഗോപാലിന്റെ കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടി നല്‍കിയത്.
കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് 2017 ജൂണ്‍ രണ്ടാം വാരത്തില്‍ റോത്തഗി സര്‍ക്കാരിന് രാജിക്കത്ത് അയക്കുകയും തുടര്‍ന്ന് സ്വകാര്യ പ്രാക്ടീസ് ആരംഭിക്കുകയുമായിരുന്നു. സുപ്രീം കോടതിയുടെ മുന്‍നിര അഭിഭാഷകരില്‍ ഒരാളാണ് റോത്തഗി.
അറ്റോര്‍ണി ജനറല്‍ പദവിയില്‍ മൂന്നു വര്‍ഷമാണ് കാലാവധി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കെ കെ വേണുഗോപാലിന് രണ്ട് ടേം കൂടി കൂട്ടി നല്‍കുകയായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് 90-കാരാനായ വോണുഗോപാല്‍ വിരമിക്കുന്ന കാര്യം പലതവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് തന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനായി സര്‍ക്കാരിന് മൂന്ന് മാസത്തെ സമയം നല്‍കുകയും സെപ്റ്റംബര്‍ 30 വരെ അദ്ദേഹം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ഒഴിവിലേക്കാണ് റോത്തഗി എത്തുന്നത്.
ലഖിംപൂര്‍ ഖേരി കേസിലെ പ്രതിയായ ആശിഷ് മിശ്രയ്ക്ക് ജാമ്യം നിഷേധിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് റോത്തഗി കോടതിയില്‍ ഹാജരായിരുന്നു. ഇതിന് പുറമെ, മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് വേണ്ടിയും റോത്തഗി ഹാജരായിരുന്നു.
സുപ്രീം കോടതിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് വേണ്ടി വാദിച്ചതും മുകള്‍ റോത്തഗിയായിരുന്നു. കേസിലെ വിചാരണ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പുറമെ, നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ലഭിക്കാനായും റോത്തഗി വാദിച്ചിരുന്നു.