കേരളത്തിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ ഭീഷണി നിലനില്‍ക്കുമ്പോള്‍ പഴയ ഡാം ഡീകമ്മീഷന്‍ ചെയ്യാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്സ് ഗ്ലോബല്‍ സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭരണാധികാരികള്‍ നിസംഗത വെടിയണം. സുര്‍ക്കി മിശ്രിതം കൊണ്ട് ഉണ്ടാക്കിയ കര്‍ണാടകയില തുംഗഭദ്രാ ഡാമിന്റെ ഷട്ടര്‍ തകര്‍ന്ന വാര്‍ത്ത കേരളത്തിലെ ഭരണാധികാരികള്‍ക്കുള്ള മുന്നറിയിപ്പാണ്. തുംഗ ഭദ്രാ ഡാമിനേക്കാള്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള മുല്ലപ്പെരിയാര്‍ സുര്‍ക്കി ഡാമിന് കോണ്‍ക്രീറ്റ് കൊണ്ട് ബലം നല്‍കി എന്ന വാദം പോലും 40 ലക്ഷം ജനങ്ങളെ വച്ച് ചൂതാട്ടം നടത്തുന്നതിന് തുല്യമാണ്. ജനങ്ങളുടെ ജീവന്‍ വച്ച് കോടതിയില്‍ സമയം പാഴാക്കുന്ന നടപടി സ്വീകരിക്കാതെ തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷിതത്വവും ഉറപ്പാക്കുന്ന നടപടി സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. അപകടം നടന്നിട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളല്ല, ജനങ്ങളെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്ന സര്‍ക്കാരുകളാണ് വേണ്ടത് എന്നും കത്തോലിക്ക കോണ്‍ഗ്രസ് പറഞ്ഞു. പുതിയ ഡാം നിര്‍മ്മിക്കാന്‍ സര്‍ക്കാരുകള്‍ ഉടന്‍ നടപടി എടുക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ റവ ഡോ ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ ജോസ്‌കുട്ടി ഒഴുകയില്‍, അഡ്വ ടോണി പുഞ്ചക്കുന്നേല്‍, ബെന്നി ആന്റണി, ജോര്‍ജ്ജ് കോയിക്കല്‍, സിജോ ഇലന്തൂര്‍, സണ്ണി കടൂത്താഴെ, കെ എം മത്തച്ചന്‍, ജോയ്‌സ് മേരി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.