മുംബൈയിൽ വീണ്ടും അഞ്ചാം പനി കേസുകൾ വർദ്ധിക്കുന്നതായി സ്ഥിരീകരിച്ച് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി). പനി ബാധിച്ച് ബുധനാഴ്ച്ച ഒരു മരണവും 13 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തതായാണ് വിവരം.
എട്ട് മാസം പ്രായമുള്ള കുട്ടിയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. അഞ്ചാം പനിയെത്തുടർന്നാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. നവംബർ 20 ന് കുട്ടിയുടെ ശരീരമാസകലം പാടുകൾ വീണതിനെത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം ബിഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ മരിക്കുകയായിരുന്നു. എന്നാൽ പോസ്റ്റുമോർട്ടത്തിന് ശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രോഗം കുട്ടികൾക്കിടയിലാണ് വ്യാപകമാക്കുന്നതെന്നാണ് ആരോഗ്യ വിഭാഗത്തിൻറെ വിലയിരുത്തൽ. അതേസമയം ഈ വർഷത്തിന്റെ തുടക്കം മുതൽ നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ചാംപനി കേസുകളുടെ എണ്ണം 233 ആയി ഉയർന്നിട്ടുണ്ട്. 30 പുതിയ രോഗികളെ നഗരത്തിലെ സിവിക്/സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇതിൽ 22 രോഗികളെ ഡിസ്ചാർജ് ചെയ്തുവെന്ന് ബിഎംസി പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ, ബിഎംസിയുടെ സർവേയിൽ അഞ്ചാംപനിയെന്ന് സംശയിക്കുന്ന 156 കേസുകളും കണ്ടെത്തി.
24 സിവിൽ വാർഡുകളിലെ 11 എണ്ണത്തിലും അഞ്ചാംപനി പടർന്നുപിടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 22 സ്ഥലങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. എന്നാൽ പുതിയതായി സ്ഥിരീകരിച്ച 13 കേസുകൾ ദക്ഷിണ മുംബൈയിലെ എ വാർഡ് ഉൾപ്പെടെ ഏഴ് വ്യത്യസ്ത വാർഡുകളിൽ നിന്നുള്ളവയാണ്.