Monday, November 25, 2024

മുംബൈയുടെ സ്ട്രീറ്റ് ഫുഡായ വടാ പാവിന് ആഗോള അംഗീകാരം

ലോകത്തിലെ 13-ാമത്തെ മികച്ച സാന്‍ഡ് വിച്ചായി അംഗീകാരം നേടി മുംബൈയിലെ ഐക്കോണിക് സ്ട്രീറ്റ് ഫുഡായ വടാ പാവ്. പ്രധാനമായും വഴിയോര ഭക്ഷണമായ വടാ പാവ്, പ്രഭാതഭക്ഷണമായും ഉച്ചഭക്ഷണമായും ചായയോടൊപ്പമുള്ള പലഹാരമായുമെല്ലാം ആളുകള്‍ കഴിക്കാറുണ്ട്. മുംബൈയിലെ ജനപ്രിയ ആഹാരം കൂടിയാണിത്.

സാധാരണക്കാരന്റെ ബര്‍ഗര്‍ എന്നറിയപ്പെടുന്ന വടാ പാവിന് ഇപ്പോള്‍ ആഗോള അംഗീകാരം ലഭിച്ചിരിക്കയാണ്. കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച സാന്‍ഡ് വിച്ചുകളുടെ പട്ടികയില്‍ 13-ാം സ്ഥാനത്താണ് വടാ പാവ്.

യഥാര്‍ത്ഥ പാചകക്കുറിപ്പുകള്‍, പാചക നിരൂപകരില്‍ നിന്നുള്ള അവലോകനങ്ങള്‍, ജനപ്രിയ ചേരുവകളെയും ഭക്ഷണത്തെയും കുറിച്ചുള്ള ഗവേഷണ പേപ്പറുകള്‍ എന്നിവ സമാഹരിക്കുന്ന പരമ്പരാഗത പാചകരീതികള്‍ക്കായുള്ള ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് ആണ് ‘ലോകത്തിലെ ഏറ്റവും മികച്ച 50 സാന്‍ഡ് വിച്ചുകള്‍’ കണ്ടെത്തിയത്.

തുര്‍ക്കിയില്‍ നിന്നുള്ള ടോംബിക്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തും പെറുവില്‍ നിന്നുള്ള ബുട്ടിഫറയും അര്‍ജന്റീനയില്‍ നിന്നുള്ള സാന്‍ഡ്വിച്ച് ഡി ലോമോയും രണ്ടും മൂന്നും സ്ഥാനങ്ങളിലുമെത്തി.

അറുപതുകളിലും എഴുപതുകളിലും ദാദര്‍ റെയില്‍വേ സ്റ്റേഷന് സമീപം ജോലി ചെയ്തിരുന്ന അശോക് വൈദ്യ എന്ന തെരുവ് കച്ചവടക്കാരനില്‍ നിന്നാണ് വടാ പാവ് ഉത്ഭവിച്ചതെന്നാണ് വെബ്സൈറ്റ് വിവരിക്കുന്നത്. തിരക്ക് പിടിച്ച തൊഴില്‍ സംസ്‌കാരമുള്ള തൊഴിലാളികളുടെ നഗരത്തിന് അനുയോജ്യമായ ജനകീയ ഭക്ഷണമെന്ന സവിശേഷതയാണ് വടാ പാവിനെ വ്യത്യസ്തമാക്കുന്നത്.

 

Latest News