വ്യാഴാഴ്ച ജർമ്മനിയിലെ മ്യൂണിക്കിൽ യൂണിയൻ പ്രകടനത്തിലേക്ക് ഒരു കാർ ഇടിച്ചുകയറി കുട്ടികളടക്കം 28 പേർക്ക് പരിക്കേറ്റു. മനഃപൂർവമായ ആക്രമണമാണ് ഇതെന്നാണ് അധികൃതർ കരുതുന്നത്. സംഭവത്തിനുശേഷം അഫ്ഗാൻ അഭയാർഥി 24 കാരനായ ഫർഹാദ് നൂറി എന്ന പ്രതിയെ അറസ്റ്റ് ചെയ്തു.
കാബൂളിൽ ജനിച്ച നൂറി 2016 ൽ ജർമ്മനിയിലേക്ക് താമസം മാറിയെങ്കിലും അഭയാർഥികൾക്കായുള്ള അപേക്ഷ നിരസിക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തിന് താൽക്കാലിക താമസാനുമതി ലഭിച്ചു.
ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, കാർ പൊലീസ് വാഹനത്തെ മറികടക്കുകയും വേഗത്തിലാക്കുകയും പ്രകടനത്തിൽ പങ്കെടുത്ത സംഘത്തിന്റെ ഇടയിലേക്ക് കയറ്റുകയും ചെയ്തു. കാറിനുനേരെ വെടിയുതിർത്തശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പരിക്കേറ്റവരിൽ ചിലരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് ആക്രമണത്തെ അപലപിച്ചു. കുറ്റവാളി ഒരു ദയയും അർഹിക്കുന്നില്ലായെന്നും രാജ്യം വിടണമെന്നും പ്രസ്താവിച്ചു. ഈ സംഭവം കുടിയേറ്റത്തെയും പൊതുസുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾക്കു കാരണമായി. ഇതോടുകൂടി ജർമ്മനി കൂടുതൽ അഫ്ഗാൻ നാടുകടത്തലുകൾ പ്രഖ്യാപിച്ചു.
ആക്രമണത്തിനുപിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. എന്നാൽ സംഭവം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു. അന്താരാഷ്ട്ര നേതാക്കളുടെ മ്യൂണിക്ക് സുരക്ഷാസമ്മേളനത്തിനു തൊട്ടുമുമ്പാണ് സംഭവം.