കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെ നടത്തിയ നവീകരണത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 3.45 ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസാണ് നവീകരണത്തിന്റെ വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. അരികൊമ്പന്റെ കുമളിയിലേക്കുള്ള യാത്രയാണ് മുന്നാര്‍ ബോഡിമേട്ട് റോഡിനെ പ്രശസ്തമാക്കിയതെങ്കില്‍ പ്രളയകാലത്തെ ദൃശ്യങ്ങളിലൂടെയാണ് ചെറുതോണിയുടെ ദുരിതം പുറം ലോകമറിഞ്ഞത്.
മൂന്നാറിന്റെ ടൂറിസം വികസനത്തിനു തന്നെ നാഴികക്കല്ലായി ഇതു മാറും. തമിഴ്‌നാട്ടില്‍ നിന്ന് ഈ പാതയിലൂടെ വേഗത്തില്‍ മൂന്നാറില്‍ എത്താന്‍ കഴിയും. തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ബോഡി, തേനി എന്നിവിടങ്ങളിലേക്ക് വേഗത്തില്‍ എത്താം. 2017 ഒക്ടോബറില്‍ ദേശീയപാതയുടെ നവീകരണത്തിനായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് 481.76 കോടി രൂപ അനുവദിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി നിര്‍ദേശം അംഗീകരിച്ച കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കും പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ പ്രയത്‌നിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെ പ്രത്യേക നന്ദി അറിയിച്ചു.