പാരീസിലെ നാന്ററെയിൽ ഡെലിവറി ഡ്രൈവറെ പോലീസ് ഉദ്യോഗസ്ഥന്‍ കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ജനങ്ങളും പോലീസും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടിയതായാണ് റിപ്പോര്‍ട്ട്. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ നരഹത്യാക്കുറ്റത്തിന് അറസ്റ്റ് ചെയ്തതായി നാന്ററെ പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.
ട്രാഫിക് നിയമലംഘനം നടത്തിയെന്നാരോപിച്ച് 17 വയസുള്ള ഡെലിവറി ഡ്രൈവര്‍ക്കു നേരെ പോലീസ് ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നിറയൊഴിക്കുകയായിരുന്നു. പിന്നാലെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ജനം തെരുവിലിറങ്ങയത്. നഗരത്തിൽ ബാരിക്കേഡുകൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിടുകയും പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട ഡെലിവറി ഡ്രൈവര്‍ സഞ്ചരിച്ച കാര്‍ ട്രാഫിക് നിയമം ലംഘിക്കുന്നതും രണ്ട് പോലീസുകാർ തടയാൻ ശ്രമിച്ചിട്ടും നിർത്താതിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതേ തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്ത ഉദ്യോഗസ്ഥനെ നരഹത്യാക്കുറ്റത്തിനു അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങളെ തുടർന്ന് പോലീസ് വെടിവയ്‌പ്പിൽ മരണം സംഭവിക്കുന്നത് പാരീസില്‍ ഇതാദ്യമല്ല.