Tuesday, November 26, 2024

ഖാലിസ്ഥാനി ഭീകരന്റെ കൊലപാതകം: ഇന്ത്യയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി ട്രൂഡോ

ഖാലിസ്ഥാനി ഭീകരന്റെ കൊലപാതകത്തില്‍ ഇന്ത്യയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖാലിസ്ഥാനി നേതാവിന്റെ കൊലപാതകത്തില്‍ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്നാണ് ട്രൂഡോയുടെ ആരോപണം. ഇതേ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വീണ്ടും വഷളായി.

“കനേഡിയൻ മണ്ണിൽ ഒരു കനേഡിയൻ പൗരനെ കൊലപ്പെടുത്തിയതിൽ ഇന്ത്യാ ഗവൺമെന്റിന്റെ ഏജന്റുമാർ ഉൾപ്പെട്ടിരിക്കാം. ഇത് ഞങ്ങള്‍ക്ക് വിശ്വസിക്കുന്നതിനു ഗുരുതരമായ കാരണങ്ങളുണ്ട്” – ട്രൂഡോ പറഞ്ഞു. നിജ്ജാറിന്റെ കൊലപാതകം ഞങ്ങൾ വളരെ ഗൗരവമായി എടുത്ത കാര്യമാണെന്നും വലിയ രാജ്യങ്ങൾക്ക് അന്താരാഷ്ട്രനിയമം ലംഘിക്കാൻ കഴിയുമെങ്കിൽ, അത് ലോകത്തെ കൂടുതൽ അപകടത്തിലാക്കുമെന്നും ട്രൂഡോ ഓര്‍മ്മപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികളും അവരുടെ ജോലിചെയ്യുന്നത് തുടരുന്നതിനാൽ എല്ലാ സഖ്യകക്ഷികളുമായും നല്ലരീതിയിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, 40 -ലധികം കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച ഇന്ത്യയുടെ നടപടിയെ കനേഡിയന്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യ-വിയന്ന കൺവെൻഷൻ ലംഘിച്ചുവെന്നും ഈ നീക്കം നിരാശാജനകമാണെന്നും ട്രൂഡോ ആരോപിച്ചു.

Latest News