‘പന്ത്രണ്ട്’ എന്ന സിനിമയില്‍ ഇമ്മാനുവേല്‍ കൈയിലേന്തുന്ന സംഗീതോപകരണം അതിശക്തമായ ഒരു ബിംബമാണ്. സിനിമ കണ്ടുകൊണ്ടിരിക്കെത്തന്നെ പ്രേക്ഷകന്‍ അത് തിരിച്ചറിയും. പിന്നീട് സിനിമ കഴിഞ്ഞാലും ആ സംഗീതോപകരണം പ്രേക്ഷകന്റെ മനസ്സിനെ പിടിവിടാതെ പിന്തുടരും. സത്യം പറഞ്ഞാല്‍, രണ്ടാമതും പന്ത്രണ്ട് കണ്ടപ്പോഴാണ് അതിശക്തമായ ഈ പ്രതീകത്തിന്റെ ചില സൂക്ഷ്മാംശങ്ങളിലേക്ക് എന്റെ മനസ്സിന് പ്രവേശനം സിദ്ധിച്ചത്.
ഒരു സാംസ്‌കാരിക പ്രതീകം
ആ സംഗീതോപകരണത്തിന്റെ പേര് ഊദ് (oud) എന്നാണത്രേ. തുര്‍ക്കിയാണ് അതിന്റെ പ്രഭവസ്ഥാനം. അതു മീട്ടാനായി ഉപയോഗിക്കുന്ന ചെറിയ മരക്കഷണത്തില്‍ നിന്നാണ് ഊദ് എന്ന പേര് അതിനുണ്ടായത്. കായേന്റെ പുത്രന്‍ ലാമെക്ക് ഇതു നിര്‍മിച്ചെന്നും തന്റെ പുത്രന്റെ മരണശേഷം നിരന്തരം ഇത് വായിച്ചു എന്നുമാണ് ഐതിഹ്യം. മിഡില്‍ ഈസ്റ്റില്‍ എറ്റവും പഴക്കമുള്ള ഒരു സംഗീതോപകരണങ്ങളില്‍ ഒന്നാണിത്. മെസപ്പൊട്ടേമിയന്‍ – ഈജിപ്ഷ്യന്‍ ശവകുടീരങ്ങളില്‍ ഉല്ലേഖനം ചെയ്തിരിക്കുന്ന ചിത്രങ്ങളില്‍ ഈ സംഗീതോപകരണം കാണാം. യേശുവിന്റെ സെമിറ്റിക് പശ്ചാത്തലത്തിലേക്കുള്ള ചൂണ്ടുവിരലാണ് ‘പന്ത്രണ്ടി’ലെ ഊദ്.
കൈരളിയുടെ ഊദ്
‘പന്ത്രണ്ടി’ലെ പാട്ടുകളില്‍ പലയിടത്തും ഇത് വാദനംചെയ്തിട്ടുണ്ട്. ബോണി തിരുവനന്തപുരമാണ് അതു ചെയ്തിട്ടുള്ളത്. പശ്ചാത്തല സംഗീതത്തില്‍ ഇത് മീട്ടിയത്
ഡെര്‍വിനും അല്‍ഫോണ്‍സ് ജോസഫുമാണ്. സിനിമയ്ക്കുവേണ്ടി മൂന്ന് ഊദുകള്‍ തുര്‍ക്കിയില്‍ നിന്ന് വാങ്ങി എന്ന് സംഗീതസംവിധായകന്‍ വെളിപ്പെടുത്തി. ഒന്ന് ദേവിനു പരിശീലിക്കാന്‍… ഒന്ന് റിക്കോര്‍ഡിങ്ങിന്… മറ്റൊന്ന് കരുതലിനായി. ഇമ്മാനുവലായി അഭിനയിച്ച ദേവ് മോഹന് സംഗീത സംവിധായകന്‍ ശ്രീ. അല്‍ഫോണ്‍സ് ജോസഫ് ഊദ് ഉപയോഗിക്കാന്‍ പ്രത്യേകപരിശീലനം നല്കുകയുമുണ്ടായി.
ഏതായാലും പന്ത്രണ്ടി’ന്റെ സംവിധായകന്‍ ശ്രീ. ലിയോ തദ്ദേവൂസ് സിനിമയില്‍ ഉടനീളം ഈ സംഗീതോപകരണത്തെ സമൃദ്ധമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഭവനത്തിലും തെരുവിലും വാഹനത്തിലും ആശുപത്രിയിലും കടലിലും ഭക്ഷണമേശയിലുമെല്ലാം ഊദിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ സാന്നിധ്യം ഉറപ്പുവരുത്തുന്നതില്‍ അദ്ദേഹം നിഷ്‌കര്‍ഷ പുലര്‍ത്തി.
പത്രോസിനെ ഭരമേല്പിച്ച സംഗീതം
ഇമ്മാനുവേല്‍ അന്ത്യത്താഴവേളയില്‍ മേശയില്‍ നിന്നെഴുന്നേറ്റ് യൂദായുടെ പിന്നാലേ മനുഷ്യരക്ഷയ്ക്കായുള്ള ദൈവഹിതം നിറവേറ്റാന്‍ പോകുംമുമ്പ് ഊദ് ഭരമേല്പിക്കുന്നത് പത്രോസിനെയാണ്! ഏറെ അര്‍ത്ഥഗര്‍ഭമായ ഒരു ചിത്രീകരണമാണ് ഇത്.
ഈ സിനിമയിലുടനീളം അന്ത്രോയ്ക്കാണ് പ്രാമുഖ്യം എന്നത് പ്രേക്ഷകര്‍ ഒന്നടങ്കം സമ്മതിക്കുന്ന കാര്യമാണല്ലോ. ഒന്നാമന്‍ (‘പ്രോട്ടോസ്’) എന്ന് സുവിശേഷങ്ങള്‍തന്നെ വ്യക്തമാക്കുന്നതും (മത്താ 10,2; 16,18.19; ലൂക്കാ 22,31.32; 24,34) സമൂഹത്തിന്റെ പൊതുബോധത്തില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുള്ളതുമായ പത്രോസിന്റെ പ്രഥമസ്ഥാനം തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് പലരും ആശ്ചര്യപ്പെടുന്നുണ്ടാകും. അദ്ദേഹം ഇത്തരം ഒരു നിലപാട് സ്വീകരിച്ചത് യോഹന്നാന്റെ സുവിശേഷത്തില്‍ (1,41) യേശുവിനെ ആദ്യം പരിചയപ്പെടുന്നതും പിന്നീട് സഹോദരന്‍ പത്രോസിനു പരിചയപ്പെടുത്തുന്നതും അന്ത്രയോസാണ് എന്നതിനാലാകണം.
പക്ഷേ, ഈ വിഷയത്തില്‍ ലിയോ തദേവൂസ് എന്ന സിനിമാ സംവിധായകന്റെ ജീനിയസ് വെളിവാകുന്ന രംഗമാണ് മേല്‍ സൂചിപ്പിച്ച ഭാഗം. പത്രോസിന്റെ നേതൃദൗത്യത്തിന്റെ സൂചനകള്‍ മുഴുവന്‍ ഒരു നിമിഷത്തിലേക്ക് ആവാഹിക്കുന്ന ഒരു മാന്ത്രികവിദ്യയാണ് സംവിധായകന്‍ ഇവിടെ നടത്തിയിരിക്കുന്നത്. ‘ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.
സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും’ (മത്താ 16,18.19) എന്ന ക്രിസ്തുവചനം പൂര്‍ണമായും ധ്വനിപ്പിക്കാന്‍ സംവിധായകന്‍ തിരഞ്ഞെടുത്തത് ആ ഊദു കൈമാറ്റത്തെയാണ്!
സ്‌നേഹത്തിന്റെ ഊദുഗീതം
ശുദ്ധസ്‌നേഹത്തിന്റെ മൂര്‍ത്തീരൂപമാണ് ക്രിസ്തു. കലവറയില്ലാത്ത സ്‌നേഹമാണ് സുവിശേഷത്തിന്റെ കാമ്പും കഴമ്പും. ‘ദൈവം സ്‌നേഹമാകുന്നു’ എന്ന ബൈബിള്‍ വെളിപാടും ‘ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍’ എന്ന സ്‌നേഹകല്പനയും അടയാളപ്പെടുത്താന്‍ കെല്പുള്ള ശക്തമായ ഒരു പ്രതീകമാണ് ഊദ്. സുവിശേഷം ഒരു സ്‌നേഹസംഗീതമാണ്! ക്രൈസ്തവ ജീവിതമെന്നാല്‍, സ്‌നേഹത്തിന്റെ ആഘോഷവുമാണ്!
‘ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍'(മത്താ 28,19) എന്ന യേശുവിന്റെ മിഷന്‍കല്പനയുടെ ആന്തരികാര്‍ത്ഥവും ഊദ് പ്രതീകവത്കരിക്കുന്നുണ്ട്. ക്രിസ്തുവില്‍ സുവിദിതമായ ദൈവസ്‌നേഹത്തിന്റെ ഹൃദ്യമായ സംപ്രേഷണത്തിന്റെ പേരാണ് മിഷന്‍. അതിനു വേണ്ടിയാണ്, അതിനു വേണ്ടി മാത്രമാണ് സഭയുള്ളത്. സ്‌നേഹത്തിന്റെ ആഘോഷവും ആസ്വാദനവും പ്രഘോഷണവുമാണ് സഭാജീവിതം. ബഹുവിധ കാരണങ്ങളാല്‍ ആത്മാവിന്റെ സംഗീതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ലോകത്തിന് സ്വര്‍ഗത്തിന്റെ സ്‌നേഹസംഗീതമായ ക്രിസ്തു അനിവാര്യനായിത്തീര്‍ന്നിരിക്കുന്നെന്നും ക്രിസ്തുവില്‍നിന്ന് സ്‌നേഹം പഠിച്ചവര്‍ അത് ഹൃദ്യമായി സംവേദനംചെയ്യണമെന്നുമുള്ള സന്ദേശമാണ് ലിയോയുടെ ഊദിന്റെ തന്ത്രികള്‍ പ്രേക്ഷകരിലേക്കു സന്നിവേശിപ്പിക്കുന്നത്.
ഫാ. ജോഷി മയ്യാറ്റില്‍