പുറത്താക്കപ്പെട്ട നേതാവ് ഓങ് സാങ് സൂകിയുടെ തടാകക്കരയിലെ മാൻഷൻ മ്യാന്മർ വീണ്ടും ലേലത്തിനു വച്ച് അധികൃതർ. ജയിലിൽ കഴിയുന്ന നോബൽ സമാധാന സമ്മാനജേതാവിന്റെ സ്വത്ത് വിൽപനയ്ക്കു വയ്ക്കുന്നത് ഇത് നാലാം തവണയാണ്. എന്നാൽ ഇത്തവണയും ലേലം പരാജയപ്പെട്ടു.
യാങ്കോണിലെ മനോഹരമായ ഇനിയ തടാകത്തിനടുത്തുള്ള, കൊളോണിയൽ ശൈലിയിലുള്ള സൂകിയുടെ സ്വകാര്യവില്ല ഒരു ചരിത്ര നാഴികക്കല്ലാണ്. യൂണിവേഴ്സിറ്റി അവന്യൂവിൽ സ്ഥിതിചെയ്യുന്ന 1.9 ഏക്കർ (7,700 ചതുരശ്ര മീറ്റർ) വിസ്തൃതിയുള്ള ഇരുനില വീടാണ് ഇത്. അവിടെ സൂകി ഏകദേശം 15 വർഷത്തോളം വീട്ടുതടങ്കലിൽ കഴിഞ്ഞത് അഹിംസാത്മക പ്രതിരോധത്തിന്റെ ആഗോളപ്രതീകമായി മാറുകയും അതിന് അവർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു.
ഒരുകാലത്ത് സൂകിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടിയുടെ അനൗദ്യോഗിക ആസ്ഥാനമായിരുന്ന യാങ്കൂൺ മാളികയ്ക്കു പുറത്ത് മാധ്യമപ്രവർത്തകരുടെയും പൊലീസിന്റെയും സാന്നിധ്യത്തിലാണ് ലേലം നടന്നത്.