Monday, November 25, 2024

അഴിമതിക്കേസില്‍ ഓങ്‌സാങ് സൂചിക്ക് 6 വര്‍ഷം തടവുശിക്ഷ

അഴിമതിക്കേസില്‍ മ്യാന്‍മര്‍ ജനാധിപത്യ പ്രക്ഷോഭ നായിക ഓങ്‌സാങ് സൂചിക്ക് ആറ് വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. നാല് അഴിമതിക്കേസുകളില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മ്യാന്‍മര്‍ പട്ടാള കോടതിയുടെ വിധി.

77കാരിയും നൊബേല്‍ സമ്മാന ജേതാവും സൈനിക ഭരണത്തിനെതിരായ പ്രക്ഷോഭത്തിന്റെ നായികയുമായിരുന്ന സൂചിക്കെതിരെ അഴിമതിയും തെരഞ്ഞെടുപ്പ് നിയമ ലംഘനങ്ങളും ഉള്‍പ്പെടെ 18 കുറ്റങ്ങളാണ് പട്ടാള ഭരണകൂടം ചുമത്തിയിരിക്കുന്നത്. ഏകദേശം 190 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

ആരോഗ്യവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാനായി സൂചി സ്ഥാപിച്ച സംഘടനയായ ദോ ഖിന്‍ ക്യി ഫൗണ്ടേഷന്റെ ഫണ്ട് വീട് പണിയാനായി ദുരുപയോഗിച്ചെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി കുറഞ്ഞ നിരക്കില്‍ പാട്ടത്തിനെടുത്തെന്നും കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷാവിധി.

അതേസമയം, തനിക്കെതിരായ എല്ലാ ആരോപണങ്ങളും സൂചി നിഷേധിച്ചു. തലസ്ഥാനമായ നായ്പിയാദോവിലെ ജയിലില്‍ ഏകാന്ത തടവില്‍ കഴിഞ്ഞുവരികയാണ് സൂചി. മറ്റ് പല കേസുകളിലുമായി 11 വര്‍ഷത്തെ തടവാണ് സൂചി അനുഭവിച്ചുവരുന്നത്.

നേരത്തെ, ആറു ലക്ഷം ഡോളറും 11.4 കിലോ ഗ്രാം സ്വര്‍ണവും യാങ്കൂണിലെ മുന്‍ മുഖ്യമന്ത്രിയായ ഫിയോ മിന്‍ തീനില്‍നിന്ന് കൈക്കൂലിയായി സ്വീകരിച്ചുവെന്ന് ആരോപിച്ച് ഓങ് സാങ് സൂചിക്ക് മ്യാന്‍മര്‍ പട്ടാളക്കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് മ്യാന്‍മറില്‍ പട്ടാളം അധികാരത്തിലേറിയത്. പിന്നാലെ ആയിരക്കണക്കിന് ജനകീയ നേതാക്കള്‍ ജയിലിലടയ്ക്കപ്പെടുകയും കൊടിയ പീഡനത്തിരയാകുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

നിരവധി പേര്‍ പേര്‍ കൊല്ലപ്പെടുകയും ചെയ്തു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമെന്നാണ് ഐക്യരാഷ്ട്രസഭ ഇതിനെ വിശേഷിപ്പിച്ചത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സൂചിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അഞ്ച് വര്‍ഷം മ്യാന്‍മറിനെ നയിച്ചിരുന്നു. മുന്‍ ബ്രിട്ടീഷ് കോളനിയായ മ്യാന്മറില്‍ 1962 മുതല്‍ 2011 വരെ സൈനിക ഭരണമായിരുന്നു നിലനിന്നിരുന്നത്. 2021 മുതല്‍ ഇത് വീണ്ടും തുടരുകയാണ്.

Latest News