മ്യാൻമാറിലും തായ്‌ലൻഡിലും ബാങ്കോക്കിലും ഉണ്ടായ ഭൂകമ്പത്തിൽ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 1644 ആയി. 3,408 പേർക്ക് പരിക്കേൽക്കുകയും 139 പേരെ കാണാതാകുകയും ചെയ്തു.
വെള്ളിയാഴ്ച മധ്യ മ്യാൻമറിലെ സാഗൈംഗ് നഗരത്തിന്റെ വടക്കുപടിഞ്ഞാറായി 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തിന്റെ വലിയ ഭാഗങ്ങളിൽ വൻ നാശം വിതച്ചു. തകർന്ന റോഡുകളും അടിസ്ഥാന സൗകര്യങ്ങൾ താറുമാറായതും മൂലം മ്യാൻമറിലെ മാനുഷിക പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുകയാണ്. വെള്ളിയാഴ്ചയുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പ്രധാന പാലങ്ങളും റോഡുകളും ഉൾപ്പെടെയുള്ള നിർണ്ണായക അടിസ്ഥാന സൗകര്യങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനങ്ങൾക്കും മാനുഷിക പ്രവർത്തനങ്ങൾക്കും വേണ്ടി പ്രദേശങ്ങളിലേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ നഗരമായ യാങ്കൂണിനെയും രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന യാങ്കോൺ-നയ് പൈ താവ്-മണ്ടലെ എക്സ്പ്രസ് വേയിലുണ്ടായ കേടുപാടുകൾ സർവീസുകൾക്കു തടസ്സമായി. റോഡിലുണ്ടായ വിള്ളലുകൾ കാരണം ഹൈവേ ബസുകളുടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നു. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ നിരവധി പേർ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.
മ്യാൻമറിലെ അട്ടിമറി വിരുദ്ധ പോരാളികളായ പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സ് (PDF), ഭൂകമ്പം ബാധിച്ച പ്രദേശങ്ങളിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും അവസരമൊരുക്കും.
ഷാഡോ നാഷണൽ യൂണിറ്റി ഗവൺമെന്റ് (NUG) പ്രകാരം, പ്രതിരോധ പ്രവർത്തനങ്ങൾ നിലനിർത്തിക്കൊണ്ട് ഇന്നുമുതൽ PDF ആക്രമണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2021 ലെ അട്ടിമറിയിൽ പുറത്താക്കപ്പെട്ട നിയമനിർമ്മാതാക്കൾ രൂപീകരിച്ച NUG, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അതിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ താൽക്കാലിക മെഡിക്കൽ, രക്ഷാ ക്യാമ്പുകൾ സ്ഥാപിക്കുന്നതിനും യു എന്നുമായും എൻ ജി ഒ കളുമായും സഹകരിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
മ്യാൻമറിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി യു കെ 10 മില്യൺ പൗണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ ദുരിതബാധിതർക്ക് അടിയന്തര ഭക്ഷണം, വെള്ളം, മരുന്ന്, പാർപ്പിടം എന്നിവയുൾപ്പെടെയുള്ള അവശ്യസേവനങ്ങൾ നൽകുന്നതിന് ഈ ധനസഹായം ഉപയോഗിക്കും.
തായ്ലാന്റിലും രക്ഷാപ്രവർത്തനം തുടരുകയാണ്. എല്ലാ ഗതാഗത മാർഗങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങൾ, റെയിൽവേ, റോഡ്, ബോട്ട് സർവീസുകൾ ഇതിൽ ഉൾപ്പെടുന്നു. ഇന്നലെയോടെ അവശ്യസേവനങ്ങളും ബിസിനസുകളും ടൂറിസ്റ്റ് സേവനദാതാക്കളും സാധാരണപോലെ പ്രവർത്തിച്ചതായി പറയുന്നു.
ഭൂകമ്പം ബാധിച്ച പ്രദേശങ്ങളിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. തായ് കാലാവസ്ഥാ വകുപ്പ് (TMD) ഒന്നിലധികം തുടർ ചലനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അവ താഴ്ന്ന തോതിലായിരുന്നു ഇവിടെ ബാധിച്ചത്. തായ്‌ലൻഡിന്റെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികൾക്കായി തായ്‌ലൻഡ് ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്.