Wednesday, April 2, 2025

മ്യാൻമർ ഭൂകമ്പം: മരണസംഖ്യ 1700 കവിഞ്ഞു; മണ്ടാലെ, നയ്പിഡോ എന്നിവിടങ്ങളിൽ മൃതദേഹങ്ങളുടെ രൂക്ഷ​ഗന്ധം

മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1700 ആയി ഉയർന്നു. ദുരന്തത്തിൽ 3400 ലധികം പേർക്ക് പരിക്കേറ്റതായും നിരവധി പേരെ കാണാതായിട്ടുണ്ടെന്നും ഭരണകൂടം അറിയിച്ചു. തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകർന്ന് ഡസൻകണക്കിന് തൊഴിലാളികൾ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ടുണ്ട്. ഈ അപകടത്തിൽ 18 പേർ മരിച്ചതായി സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മണ്ടാലെയ്ക്കു സമീപമാണ് ഭൂകമ്പമുണ്ടായത്. നിരവധി കെട്ടിടങ്ങളും ഹൈവേകളും തകർന്നു. നയ്പിഡോ വിമാനത്താവളത്തിലെ കൺട്രോൾ ടവറും തകർന്നവയിൽപെടുന്നു. ആഭ്യന്തരയുദ്ധത്താൽ ഇതിനകം ദുർബലമായ ഒരു രാജ്യം വീണ്ടും തകർന്ന അവസ്ഥയിലാണ് ഇപ്പോൾ.

ഞായറാഴ്ചയോടെ മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരത്തിലെ തെരുവുകളിൽ അഴുകിയ മൃതദേഹങ്ങളുടെ രൂക്ഷഗന്ധം പടർന്നിരുന്നു. അവശിഷ്ടങ്ങൾക്കടിയിൽ ജീവന്റെ സൂചനയുണ്ടാകുമെന്ന പ്രതീക്ഷയിൽ വീണ്ടും തിരച്ചിലിലാണ് പലരും. വിനാശകരമായ ഭൂകമ്പത്തിന് ദിവസങ്ങൾക്കുശേഷം മണ്ടാലെയിലെ തെരുവുകൾ ഒരു ശ്മശാനമായി മാറിക്കഴിഞ്ഞു.

പലയിടത്തു നിന്നായി വിദേശസഹായം എത്തുന്നുണ്ട്. രണ്ട് സി-17 സൈനികവിമാനങ്ങളും 118 അംഗങ്ങളുള്ള ഒരു ഫീൽഡ് ആശുപത്രിയും ഇന്ത്യ നൽകിയിട്ടുണ്ട്. 135 രക്ഷാപ്രവർത്തകരെയും 13.8 മില്യൺ ഡോളറിന്റെ അടിയന്തര സഹായവും ചൈന അയച്ചു. റഷ്യ, സിംഗപ്പൂർ, മലേഷ്യ എന്നിവയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ റോഡുകൾ ഗതാഗതയോഗ്യമല്ലാത്തതിനാലും വിമാനത്താവളങ്ങൾ പ്രവർത്തനരഹിതമായതിനാലും ഇവിടേക്ക് സഹായങ്ങൾ എത്തിക്കുന്നതിൽ വളരെയേറെ ബുദ്ധിമുട്ടായി മാറുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News