മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം മൂവായിരം കവിഞ്ഞതായി റിപ്പോർട്ട്. ഭൂകമ്പത്തിൽ ഇതുവരെ നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. ഇപ്പോൾ ആഭ്യന്തരയുദ്ധം രൂക്ഷമായ ഒരു രാജ്യത്ത് ജനങ്ങളിലേക്കെത്താൻ ശ്രമിക്കുന്ന രക്ഷാപ്രവർത്തകർക്കും ദുരിതാശ്വാസ പ്രവർത്തകർക്കും ഭീഷണിയാവുകയാണ് മഴയുടെ പ്രവചനം.
കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തിലെ ഒരു നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നായിരുന്നു. 28 ദശലക്ഷം പേർ താമസിക്കുന്ന ഒരു പ്രദേശത്തെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ തകരുകയും പലർക്കും ഭക്ഷണവും വെള്ളവും പാർപ്പിടവും നഷ്ടപ്പെടുകയും ചെയ്തു. ബുധനാഴ്ച മരണസംഖ്യ 3,003 ആയി ഉയർന്നെന്നും, 4,515 പേർക്ക് പരിക്കേറ്റെന്നും 351 പേരെ കാണാതായെന്നും ജപ്പാനിലെ മ്യാൻമർ എംബസി ഫേസ്ബുക്കിൽ അറിയിച്ചു. അതേസമയം രക്ഷാപ്രവർത്തകർ കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
എന്നാൽ ഞായറാഴ്ച മുതൽ ഏപ്രിൽ 11 വരെ പ്രവചിച്ചിരിക്കുന്ന കാലം തെറ്റിയ മഴ, ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളായ മണ്ഡലേ, സാഗൈയിംഗ്, തലസ്ഥാനമായ നയ്പിഡാവ് എന്നിവിടങ്ങളിൽ ഭീഷണിയാകുമെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ കഠിനമാകും. “ഇപ്പോഴത്തെ സാഹചര്യത്തിൽ മണ്ഡലേയിൽ മഴ പെയ്യാൻ തുടങ്ങിയാൽ ഇതുവരെ അതിജീവിച്ചവർ പോലും മുങ്ങിമരിക്കും” എന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.