Monday, May 19, 2025

മ്യാൻമർ ഭൂകമ്പത്തിൽനിന്ന് രക്ഷപെട്ടവർ ഭക്ഷണവും അടിസ്ഥാന ആവശ്യങ്ങളും ഇല്ലാതെ വലയുന്നു

ചെറിയ കുട്ടികൾ ഉൾപ്പെടെ 2,700 ലധികം പേർ കൊല്ലപ്പെട്ട മ്യാൻമാറിലെ ഭൂകമ്പത്തിൽനിന്നും രക്ഷപെട്ടവർ ഭക്ഷണം, വെള്ളം, പാർപ്പിടം എന്നിവയ്ക്കുവേണ്ടി കഷ്ടപ്പെടുകയാണ്. രക്ഷപെട്ടവർക്ക് അടിയന്തരമായി അവരുടെ ആവശ്യങ്ങൾ ലഭ്യമാക്കണമെന്ന് ദുരിതബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ സംഘങ്ങൾ പറഞ്ഞു. എന്നാൽ ആഭ്യന്തരയുദ്ധം കാരണം സഹായം ആവശ്യമുള്ളവർക്ക് അവരിലേക്ക് എത്തുന്നത് തടയാനുള്ള സാധ്യതയും ഉണ്ടായേക്കാം എന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്.

ചൊവ്വാഴ്ച മരണസംഖ്യ 2719 ആയതായും 4500 ലധികം പേർക്ക് പരിക്കേറ്റതായും മ്യാൻമർ നേതാവ് മിൻ ഓങ് ഹ്ലെയ്ംഗിനെ ഉദ്ധരിച്ച് ചൈനീസ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ മൂവായിരം കവിയുമെന്നും അദ്ദേഹം പറഞ്ഞു. ഒരു നൂറ്റാണ്ടിലേറെയായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു 7.7 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പം. പുരാതന ബുദ്ധക്ഷേത്രങ്ങളും ആധുനിക കെട്ടിടങ്ങളും ഒരുപോലെ നിലംപരിശാക്കിയ വലിയ ദുരന്തം. മ്യാൻമറിലെ മണ്ടാലെ പ്രദേശത്ത്, പ്രീസ്കൂൾ തകർന്ന് 50 കുട്ടികളും രണ്ട് അധ്യാപകരും മരിച്ചതായി ഐക്യരാഷ്ട്ര സഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫീസ് അറിയിച്ചു.

“ഏറ്റവും കൂടുതൽ ദുരിതബാധിത പ്രദേശങ്ങളിൽ ശുദ്ധമായ വെള്ളം, ശുചിത്വം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പാടുപെടുകയാണ്. അതേസമയം രക്ഷപെട്ടവരെ കണ്ടെത്തുന്നതിനും ജീവൻ രക്ഷിക്കാനുള്ള സഹായം നൽകുന്നതിനും അടിയന്തര സംഘങ്ങൾ അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്നു” – ഐക്യരാഷ്ട്ര സഭയുടെ ഒരു റിപ്പോർട്ടിൽ പറയുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള മണ്ടാലെ പോലുള്ള സ്ഥലങ്ങളിൽ താമസം, ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവയെല്ലാം ആവശ്യമാണെന്ന് അന്താരാഷ്ട്ര രക്ഷാസമിതി പറഞ്ഞു. ആംനസ്റ്റി ഇന്റർനാഷണൽ ഭരണകൂടം തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത പ്രദേശങ്ങളിൽ സഹായം എത്തിക്കണമെന്നു പറഞ്ഞു. ഭൂകമ്പത്തിനുശേഷം ഇവിടെ വ്യോമാക്രമണം നടന്നതായി വിമതഗ്രൂപ്പുകൾ പറയുന്നു.

Latest News