ഓങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) ഉള്‍പ്പെടെ 40 പാര്‍ട്ടികളെ പിരിച്ചുവിട്ട് മ്യാന്മറിലെ പട്ടാള ഭരണകൂടം. തെരഞ്ഞെടുപ്പു കമ്മീഷനില്‍ രജിസ്ട്രേഷന്‍ പുതുക്കിയില്ലെന്ന പേരിലാണ് നടപടി. പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ പുതുക്കാന്‍ മാര്‍ച്ച് 28 വരെ അനുവാദം നല്‍കിയിരുന്നു. പുതിയ തെരഞ്ഞെടുപ്പുനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടികള്‍ പിരിച്ചുവിടപ്പെടും.
ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനോ പ്രതിഷേധിക്കാനോ അവകാശം നല്‍കാത്ത പട്ടാളഭരണകൂടത്തെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിക്കുന്നില്ല. പുതിയ സംഭവവികാസങ്ങളില്‍ ഐക്യരാഷ്ട്രസംഘടന ആശങ്ക രേഖപ്പെടുത്തി. ജനാധിപത്യത്തിലേക്കുള്ള മ്യാന്മറിന്റെ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. ഓങ്സാന്‍ സൂചിയുടെയും തടങ്കലില്‍ കഴിയുന്ന മറ്റുള്ളവരുടെയും മോചനത്തിനായി യുഎന്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
2020 നവംബറിലെ പൊതുതെരഞ്ഞെടുപ്പില്‍ സൂചിയുടെ എന്‍എല്‍ഡി 80 ശതമാനം പാര്‍ലമെന്റ് സീറ്റുകള്‍ നേടി. 2021 ഫെബ്രുവരിയിലാണ് പട്ടാളം ഭരണം പിടിച്ചത്. സൈനിക ഭരണത്തിനെതിരെ പ്രതിഷേധിച്ച നൂറിലധികംപേരെ ഇതുവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയെന്നാണ് റിപ്പോര്‍ട്ട്.