2026 ജനുവരിയിൽ തിരിഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മ്യാൻമറിലെ സൈനിക മേധാവി. 2021 ഫെബ്രുവരിയിൽ പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതിനുശേഷം ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തശേഷം രാജ്യത്ത് അതിക്രൂരമായ ആഭ്യന്തരയുദ്ധമാണ് നടന്നുപോന്നത്.
തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായി നടക്കുമെന്ന് ജനറൽ മിൻ ഓങ് ഹ്ലൈംഗ് പറഞ്ഞു. തിരഞ്ഞെടുപ്പിനായി 53 രാഷ്ട്രീയപാർട്ടികൾ പട്ടിക സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021 ൽ മ്യാൻമറിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ സൈന്യം അട്ടിമറിക്കുകയായിരുന്നു. മാത്രമല്ല, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാവ് ഓങ് സാൻ സുങ് കിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നതായി തെളിവില്ലാത്ത ആരോപണങ്ങളെ തുടർന്നായിരുന്നു അറസ്റ്റ്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി ആക്രമം അവസാനിപ്പിക്കണമെന്നും ഏകപക്ഷീയമായി തടങ്കലിൽ വച്ചിരിക്കുന്ന എല്ലാവരെയും മോചിപ്പിക്കണമെന്നും മാത്രമല്ല, പ്രതിപക്ഷ പാർട്ടികളെ പിരിച്ചുവിടുന്നതിനുപകരം എല്ലാ രാഷ്ട്രീയ പാർട്ടികളെയും രജിസ്റ്റർ ചെയ്യാനും പങ്കെടുപ്പിക്കാൻ അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങൾ പലയിടത്തുനിന്നും ഉന്നയിക്കുന്നുണ്ടെന്ന് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.