മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയിൽ നിന്നും പുറത്തുവരുന്ന കാഴ്ചകൾ ഏറെ ദയനീയമാണ്. ഇവിടെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം കുതിച്ചുയരുകയാണ്. എങ്ങും നിലവിളിയുടെ ശബ്ദങ്ങൾ, മൃതദേഹങ്ങളുടെ രൂക്ഷഗന്ധം. അവശിഷ്ടങ്ങൾക്കടിയിൽ ജീവന്റെ ഒരു ചെറിയ സൂചനയെങ്കിലും ലഭിക്കുമോ എന്ന പ്രതീക്ഷയിൽ ഇപ്പോഴും വേണ്ടപ്പെട്ടവർക്കുവേണ്ടിയുള്ള തിരച്ചിൽ നടത്തുന്നവരും അക്കൂട്ടത്തിലുണ്ട്.
7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രാജ്യം ഛിന്നഭിന്നമായി, രണ്ടു ദിവസത്തിനുശേഷം തെരുവുകൾ ശ്മശാനമായി മാറിക്കഴിഞ്ഞു. തകർച്ചയുടെ വക്കിലുള്ള ഒരു രാഷ്ട്രം. ശക്തമായ ഭൂകമ്പം ആ പ്രദേശത്തെ ഒന്നാകെ തകർത്തുകളഞ്ഞു. 1600 ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്ത, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മണ്ടാലെയിലായിരുന്നു. ഭൂകമ്പത്തിനിടയിലെ നടുക്കുന്ന കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും ഒരു തിരിഞ്ഞുനോട്ടം.
‘ഞങ്ങൾ വെറും കൈകൾ കൊണ്ടാണ് കുഴിക്കുന്നത്’
ചുറ്റും തകർന്നുകിടക്കുന്ന കെട്ടിടങ്ങൾ. അതിൽ തങ്ങളുടെ പ്രിയപ്പെട്ടവർ ഉണ്ടോ ഇല്ലയോ എന്നറിയാതെ കൊടുംചൂടിൽ അവരെ തിരയുന്ന ബന്ധുക്കൾ. തിരച്ചിലിന് ആവശ്യമായ യന്ത്രങ്ങളുടെ ലഭ്യതക്കുറവ് ചെറുതൊന്നുമല്ല അവിടെയുള്ളവരെ ബാധിച്ചിട്ടുള്ളത്. 41°C (106°F) കൊടും ചൂടിലാണ് ഉറ്റവർക്കുവേണ്ടി അവർ തിരച്ചിൽ നടത്തുന്നത്.
തിരച്ചിൽ നടത്താനാവശ്യമായതൊന്നും ലഭ്യമാകാത്തതിനാൽ ചട്ടുകങ്ങൾ ഉപയോഗിച്ചുപോലും തിരച്ചിൽ നടത്തുന്നവരുണ്ട്, ചിലർ വെറും കൈകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നു. “ആശുപത്രികൾ നിറഞ്ഞിരിക്കുന്നു. മരുന്നില്ല, രക്തമില്ല, കിടക്കാൻ സ്ഥലമില്ല” – കാത്തലിക് റിലീഫ് സർവീസസിന്റെ മ്യാൻമർ മാനേജർ കാര ബ്രാഗ് പറഞ്ഞു. “ആളുകൾ തെരുവുകളിൽ മരിക്കുകയാണ്. അവർക്കുവേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്” – അദ്ദേഹം പറയുന്നു.
ആഭ്യന്തരയുദ്ധം, അരാജകത്വം, തകർന്ന രാഷ്ട്രം
ആഭ്യന്തരയുദ്ധം മ്യാൻമറിനെ ഭീകരതയിലാഴ്ത്തിയിരിക്കുന്ന സമയത്താണ് ഭൂകമ്പം ഉണ്ടാകുന്നത്. ഭൂകമ്പം ഉണ്ടാകുന്നതിനു മുൻപുതന്നെ യുദ്ധം, ദശലക്ഷക്കണക്കിന് സാധാരണക്കാരായ ആളുകളുടെ ഭക്ഷണവും വെള്ളവും പാർപ്പിടവും ഇല്ലാതാക്കി. ഇപ്പോഴും വ്യോമാക്രമണങ്ങൾ തുടരുന്നുണ്ടെന്നാണ് പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ പറയുന്നത്.
“പ്രിയപ്പെട്ടവർക്കായി അന്വേഷണം നടത്തുമ്പോൾ വ്യക്തികൾ ഷെല്ലാക്രമണത്തിന് ഇരയാകുന്നു” – ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ നിരീക്ഷകൻ ടോം ആൻഡ്രൂസ് പറഞ്ഞു. “ഇത് പ്രകൃതിദുരന്തത്താൽ വലയം ചെയ്യപ്പെട്ട ഒരു യുദ്ധമേഖലയാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു.
അയൽരാജ്യമായ തായ്‌ലൻഡിൽ ഭൂകമ്പത്തിന്റെ ആഘാതത്തിൽ ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകർന്നുവീണ് 17 പേർ കൊല്ലപ്പെടുകയും 83 പേരെ കാണാതാവുകയും ചെയ്തു. മണ്ഡലയിലെ 1.5 ദശലക്ഷം പൗരന്മാർ പുറത്താണ് ഉറങ്ങിയത്. ഇളകുന്ന കെട്ടിടങ്ങളിലേക്കു മടങ്ങാൻ അവർക്ക് ഭയമായിരുന്നു. മൃതദേഹങ്ങളുടെ അഴുകലിന്റെ ഗന്ധം രൂക്ഷമായി. കരച്ചിലിന്റെ വിലാപങ്ങൾ ഒരിക്കലും നിലയ്ക്കുന്നില്ല ഇവിടെ. ഭൂമിയിലെ നരകമായി മാറുകയാണ് ഇന്നിവിടം.