ഉത്തര കൊറിയ അയച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പതിച്ചത് ജപ്പാനില്‍. ജപ്പാനിലെ പ്രത്യേക വ്യാവസായിക മേഖലയിലാണ് ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ എത്തിയതെന്നാണ് സിയോളും ടോക്കിയോയും വിശദമാക്കുന്നത്. വരാനിരിക്കുന്ന അമേരിക്ക ദക്ഷിണ കൊറിയ സൈനിക അഭ്യാസത്തിന് മറുപടി നല്‍കാനായി തൊടുത്ത മിസൈല്‍ വഴിതെറ്റിയെന്നാണ് സംശയിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം സംയുക്ത സൈനികാഭ്യാസത്തിന് ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തര കൊറിയയുടെ ആണവായുധ ഭീഷണിക്ക് മറുപടിയായാണ് അമേരിക്ക ദക്ഷിണ കൊറിയ സംയുക്തമായി സൈനിക അഭ്യാസം സംഘടിപ്പിക്കുന്നത്. ജപ്പാന്റെ പ്രത്യേക വ്യാവസായിക മേഖലയിലൂടെ 66 മിനിറ്റോളം സഞ്ചരിച്ച ശേഷമാണ് ബാലിസ്റ്റിക് മിസൈല്‍ നിലത്തുവീണത്. 14000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈലാണ് ഇതെന്നാണ് ജപ്പാന്റെ പ്രതിരോധ മന്ത്രി വിശദമാക്കുന്നത്. അമേരിക്കയിലെ പ്രധാന ഇടങ്ങളില്‍ എവിടെയെങ്കിലും പതിക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍.
ഉത്തര കൊറിയയുടെ നടപടിയെ അപലപിക്കുന്നതായി അമേരിക്ക വ്യക്തമാക്കി. സഖ്യ കക്ഷികളായ ജപ്പാനെയും ദക്ഷിണ കൊറിയയേയും സംരക്ഷിക്കാനുള്ള ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാവുമെന്നും അമേരിക്ക വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും ശക്തമായ ആണവശക്തി സ്വന്തമാക്കുക എന്നതാണ് തന്റെ രാജ്യത്തിന്റെ പരമമായ ലക്ഷ്യമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.