എപ്പോള്‍ വേണമെങ്കിലും ആണവ ആക്രമണം നടത്താന്‍ സജ്ജരായിരിക്കണമെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. അമേരിക്ക-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിന്റെ പശ്ചാത്തലത്തിലാണ് കിമ്മിന്റെ മുന്നറിയിപ്പ്. ഇരു രാജ്യങ്ങളും അമേരിക്കന്‍ ആണവ ആസ്തികള്‍ ഉള്‍പ്പെടുന്ന സംയുക്ത സൈനികാഭ്യാസം വിപുലീകരിക്കുകയാണെന്നും കിം ആരോപിച്ചതായി സംസ്ഥാന മാധ്യമമായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയില്‍ യുദ്ധ പ്രതിരോധവും ആണവ പ്രത്യാക്രമണ ശേഷിയും ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള അഭ്യാസങ്ങള്‍ക്ക് തുടക്കമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്ക-ദക്ഷിണ കൊറിയ സൈനികാഭ്യാസങ്ങള്‍ക്ക് മറുപടിയായി കഴിഞ്ഞ ദിവസം ഉത്തര കൊറിയ വീണ്ടും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. ഇതിന് പുറകെയാണ് കിം ജോങ് ഉന്നിന്റെ പരാമര്‍ശം. ഇത് സംബന്ധിച്ച വിവരങ്ങള്‍ ദക്ഷിണ കൊറിയയും ജപ്പാനും പുറത്തു വിട്ടു.
ഈ അഭ്യാസങ്ങള്‍ സൈന്യത്തിന്റെ യഥാര്‍ത്ഥ യുദ്ധ ശേഷി മെച്ചപ്പെടുത്തിയെന്നും ഇത്തരം അഭ്യാസങ്ങളിലൂടെ ഉടനടിയുണ്ടാവുന്ന അതിശക്തമായ ആണവ ആക്രമണങ്ങളെ നേരിടുന്നതിനായി സജ്ജമാകേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നതായും പരീക്ഷണത്തിന് മേല്‍നോട്ടം വഹിച്ച കിം പറഞ്ഞു. ശത്രുക്കള്‍ ഉത്തര കൊറിയയ്ക്കെതിരെ കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ക്ക് ലക്ഷ്യമിടുന്നതായും അടിയന്തരമായി ഉത്തര കൊറിയ ആണവായുധ പ്രതിരോധം ശക്തമാക്കേണ്ടതുണ്ടെന്നും കിമ്മിനെ ഉദ്ധരിച്ച് കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.