യുദ്ധം വരുത്തി വയ്ക്കുന്നത് എപ്പോഴും നഷ്ടങ്ങളുടെ ഒരു കൂമ്പാരമാണ്. അതിന്‍റെ ഭവിഷ്യത്തുകള്‍ ഭാവി തലമുറയിലും എന്നും അലയടിച്ചു കൊണ്ടിരിക്കും. ചരിത്രത്താളുകളില്‍ കറുത്ത ദിനമായി രേഖപ്പെടുത്തിയ ഒരു ദിനമാണ് ഓഗസ്റ്റ് 9. ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ച ദിനം. നാഗസാക്കി ദുരന്തത്തിന്‍റെ പശ്ചാത്തലം, ചരിത്രം എന്നിവ പരിശോധിക്കാം.
പശ്ചാത്തലം
ലോകം കണ്ടതില്‍ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു 1939 മുതല്‍ 1945 വരെ നടന്ന രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ വിവിധ രാഷ്ട്രങ്ങൾ സഖ്യശക്തികളും അച്ചുതണ്ടു ശക്തികളും എന്നപേരിൽ രണ്ടു ചേരിയായി നിന്ന് നടത്തിയ യുദ്ധം. 30 രാജ്യങ്ങളിലെ 100 മില്യണ്‍ ജനങ്ങള്‍ നേരിട്ട് പങ്കെടുത്ത ഈ യുദ്ധത്തില്‍ അതിലെ പ്രധാനരാജ്യങ്ങള്‍ അവരുടെ സാമ്പത്തിക, വ്യവസായിക, ശാസ്ത്രീയ കഴിവുകള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തി യോദ്ധാക്കളെന്നോ സാധാരണജനങ്ങളെന്നോ വ്യത്യാസമില്ലാതെ നടത്തിയ വിനാശകരമായ കടന്നുകയറ്റമായിരുന്നു ഈ യുദ്ധം.
ലോകം മുള്‍മുനയില്‍ നിന്ന യുദ്ധത്തില്‍, പടിഞ്ഞാറന്‍ സഖ്യവും സോവിയറ്റ് യൂണിയനും എതിർചേരി രാജ്യമായ ജര്‍മ്മനിയെ പിടിച്ചടക്കിയതോടെ താത്കാലിക ശമനം വന്നു. അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ആത്മഹത്യയോടെ 1945 മെയ് 8ന്, ജര്‍മ്മനി കീഴടങ്ങിയതോടെയായിരുന്നു ഇത്. എന്നാല്‍ സഖ്യശക്തികള്‍ക്കു മുന്നില്‍ കീഴടങ്ങാന്‍ ജപ്പാന്‍ വിസമ്മതിച്ചതോടെ യുദ്ധം വീണ്ടും നീണ്ടു. ഇതേ തുടർന്ന് ജപ്പാനിലെ നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്കന്‍ വിമാനങ്ങള്‍ ആറ്റം ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു.
ഹിരോഷിമ
ഓഗസ്റ്റ് 6 ന് ഹിരോഷിമായിലാണ് അമേരിക്ക ആദ്യ ആക്രമണം നടത്തിയത്. ‘ലിറ്റിൽ ബോയ്’ എന്ന് ഓമനപ്പേരിട്ടു അമേരിക്ക വിളിച്ച അണുബോംബ്, വര്‍ഷിച്ച ഉടന്‍തന്നെ ഏതാണ്ട് 1,00,000 പേരുടെ മരണത്തിന് കാരണമായി. 3,90,000 മുതൽ 5,140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു.
നാഗസാക്കി
ഹിരോഷിമായിലെ ദുരന്തത്തിന്‍റെ നടുക്കം മാറും മുമ്പ് ജപ്പാനിലെ മറ്റൊരു നഗരമായ നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു. 1945 ഓഗസ്റ്റ് 9 നായിരുന്നു ഇത്. 4630 കിലോ ടണ്‍ ഭാരവും ഉഗ്ര സ്‌ഫോടക ശേഷിയുള്ള ‘ഫാറ്റ് മാന്‍’ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് ആണ് നാഗസാക്കിയെ അഗ്‌നിക്ക് ഇരയാക്കിയത്. വിമാനം പറപ്പിച്ച ബ്രിഗേഡിയർ ജനറൽ ചാൾസ് സ്വിനിക്ക് കോക്കുറ നഗരത്തില്‍ ഫാറ്റമാന്‍ വർഷിക്കാനായിരുന്നു അമേരിക്ക നിര്‍ദേശം നല്‍കിയത്. എന്നാൽ വ്യവസായശാലകളിൽ നിന്ന് ഉയർന്ന പുക ഇവിടെ ബോംബ് വര്‍ഷിക്കുന്നതിനു തടസം സൃഷ്ടിച്ചതിനാല്‍ ലക്ഷ്യസ്ഥാനം നാഗസാക്കിയിലേക്ക് മാറ്റുകയായിരുന്നു എന്നാണ് ചരിത്രം. ഏകദേശം 80,000ത്തിലധികം ആളുകളുടെ മരണത്തിന് നാഗസാക്കിയില്‍ വര്‍ഷിച്ച ബോംബ് കാരണമായതായാണ് കണക്കുകള്‍. ബോംബ് വീണ സമയം ഉണ്ടായ നഷ്ടങ്ങളെക്കാൾ ഭീകരമായിരുന്നു പിന്നീടങ്ങോട്ടുണ്ടായതെന്നും ചരിത്രം പറയുന്നു.
ജപ്പാനെ മാത്രമല്ല ലോകത്തെ മുഴുവന്‍ ഞെട്ടിച്ചതും വേദനിപ്പിച്ചതുമായിരുന്നു ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആക്രമണങ്ങള്‍. ദുരന്തത്തെ അതിജീവിച്ചവര്‍ അനുഭവിച്ച വേദനയും യാതനയും അവര്‍ണനീയമായിരുന്നു. മൂന്നര ലക്ഷം പേര്‍ ഉള്ള നഗരത്തില്‍ മരിച്ചവരുടെ എണ്ണം ആ വര്‍ഷം അവസാനമായപ്പോഴേക്കും 140,000 ആയി. ആണവ പ്രസരം മൂലമുണ്ടായ കാന്‍സര്‍ പോലുള്ള രോഗങ്ങളാല്‍ പിന്നെയും ദശകങ്ങളോളം ആളുകള്‍ മരിച്ചുകൊണ്ടിരുന്നു.