അസര്ബൈജാന്-അര്‍മേനിയ അതിര്‍ത്തിയിലുള്ള സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കായ നഗോർണോ-കരാബക്ക് അടുത്ത വര്‍ഷം ഇല്ലാതാകുമെന്ന് പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പുവച്ചതായി ഭരണത്തലവന് സാംവെൽ ഷഹ്രമന്യൻ അറിയിച്ചു. അർമീനിയൻ വംശജരുടെ നിയന്ത്രണത്തിലായിരുന്ന ഈ പ്രദേശം അസര്‍ബൈജന്‍ പിടിച്ചെടുത്തതോടെയാണ് തീരുമാനം.
സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും ജനുവരി ഒന്ന് മുതൽ പിരിച്ചുവിടുമെന്നാണ് പ്രഖ്യാപനം. മേഖലയുടെ നിയന്ത്രണം അസര്‍ബൈജന്‍ പിടിച്ചെടുത്തതോടെ ഭൂരിപക്ഷം വരുന്ന അർമീനിയൻ വംശജരിൽ പകുതിയിലധികവും ഇവിടെ നിന്നും പലായനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പബ്ലിക്ക് പിരിച്ചുവിടുന്നതായി അറിയിച്ചത്.
താമസക്കാർക്ക് സ്വതന്ത്രവും സ്വന്തം ഇഷ്ടപ്രകാരവും തടസ്സമില്ലാതെയുമുള്ള സഞ്ചാരം ഉറപ്പുവരുത്തുമെന്ന് അസര്ബൈജാന് അറിയിച്ചിരുന്നു. നഗോർണോ-കരാബക്ക് മേഖലയിലും പുറത്തും താമസിക്കുന്നവർ അസർബൈജാനിൽ ലയിക്കുന്ന സാഹചര്യത്തോട് പൊരുത്തപ്പെടണമെന്നും നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച് കരാബക്ക് ഭരണകൂടവും അസർബൈജാൻ അധികൃതരും തമ്മിൽ ചർച്ചകൾക്ക് തുടക്കമായിട്ടുണ്ട്.