Sunday, February 9, 2025

യുഎന്നിന്റെ പ്രശംസ പിടിച്ചു പറ്റി ‘നമാമി ഗംഗ’ പദ്ധതി

ഗംഗയെ ശുദ്ധീകരിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ‘നമാമി ഗംഗ’ പദ്ധതിക്കു യുഎന്നിന്റെ പ്രശംസ. പ്രകൃതിയെ പുനഃസ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പത്തു ശ്രമങ്ങളുടെ പട്ടികയിൽ ഐക്യരാഷ്ട്രസഭ ‘നമാമി ഗംഗ’ പദ്ധതിയെയും ഉൾപ്പെടുത്തികൊണ്ടാണ് പ്രശംസിച്ചത്. യുണൈറ്റഡ് നേഷൻസ് ബയോഡൈവേഴ്സിറ്റി കോൺഫറൻസിൽ (സിഒപി 15) നൽകിയ റിപ്പോർട്ടിൽ ആണ് യുഎൻ സമിതി നമാമി ഗംഗ പദ്ധതിയെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്.

യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമും യുണൈറ്റഡ് നേഷൻസ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും ചേർന്ന് ഏകോപിപ്പിച്ച ആഗോള പ്രസ്ഥാനമായ യുഎൻ പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ ബാനറിന് കീഴിലാണ് പ്രധാനപ്പെട്ട പത്ത് പദ്ധതികളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട പദ്ധതികൾക്ക് ഐക്യരാഷ്ട്രസഭ മാർഗനിർദേശവും ധനസഹായവും നൽകും. 2014-ൽ നരേന്ദ്രമോദി സർക്കാർ ആരംഭിച്ച പദ്ധതിയാണ് ‘നമാമി ഗംഗ’.

കാലാവസ്ഥാ പ്രതിസന്ധി, പ്രകൃതിയുടെയും ജൈവവൈവിധ്യത്തിന്റെയും തകർച്ച, മലിനീകരണം, മാലിന്യം എന്നിവയുടെ ട്രിപ്പിൾ ഭീഷണി നേരിടാൻ പ്രകൃതിയുമായുള്ള നമ്മുടെ ബന്ധത്തിൽ മാറ്റം പ്രധാനമാണെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇംഗർ ആൻഡേഴ്‌സൺ പറഞ്ഞു.

Latest News